നിങ്ങൾ നിങ്ങളിൽ തന്നെ നിലനിൽക്കുന്ന അവസ്ഥയാണ് ധ്യാനം. അല്ലെങ്കിൽ നിങ്ങളെ ഈശ്വരനുമായി താദാത്മ്യം പ്രാപിപ്പിക്കുവാൻ ശേഷിയുള്ള ഉയർന്ന ചിന്തകളിൽ മുഴുകുകയാണ് ധ്യാനം.
ഓർമ്മിക്കുക, മെഡിറ്റേഷൻ എന്നത് എല്ലാ ചിന്തകളെയും നിർത്തി നിങ്ങളുടെ മനസ്സിനെ ശൂന്യമാക്കാൻ ശ്രമിക്കലല്ല. മനസ്സിനെ ക്രിയാത്മകവും ഉന്നതവുമായ ചിന്തകളിലേക്ക് നയിക്കുന്നതിലൂടെ അതീന്ദ്രിയമായ അനുഭവത്തിലേക്ക് പ്രവേശിക്കലാണ് മെഡിറ്റേഷൻ.
നിങ്ങൾ എന്ത്ചിന്തിക്കുന്നുവോ അതുപോലെ അനുഭവം ഉണ്ടാകും. ധ്യാനത്തിന്റെ ആദ്യപടി വിശ്രമിക്കുക എന്നതാണ്. നിങ്ങൾ വിശ്രമിക്കേണ്ട ആവശ്യകത എന്താണ്? ധ്യാനമെന്നത് അല്പസമയം മാത്രം ചെയ്യുവാനുള്ള ഒരു ക്രിയയല്ല, അതൊരു മാനസികാവസ്ഥ നിർമ്മിക്കലാണ്. ധ്യാനം സമയത്തെ കൈകാര്യം ചെയ്യലല്ല, സമയാതീതമായ ഒരു മേഖലയിലേക്ക് പ്രവേശിക്കലാണ്. കാലാതീതമായ ഈ അവസ്ഥയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്, നിങ്ങൾക്ക് വിശ്രമിക്കേണ്ടതുണ്ട്.
ധ്യാനത്തിൽ നിങ്ങളുടെ അദൃശ്യവും സൂക്ഷവുമായ വശങ്ങൾ, ചിന്തകൾ, വികാരങ്ങൾ, വിശ്വാസങ്ങൾ, മനോഭാവങ്ങൾ, പ്രതീക്ഷകൾ – മനുഷ്യജീവിതത്തിലെ അദൃശ്യവും സൂക്ഷ്മവുമായ എല്ലാ ഊർജ്ജവും ഏകതയിൽ എത്തുന്നു. ഈ സൂക്ഷ്മ ഊർജ്ജങ്ങളുടെ ഒഴുക്കിനെ ട്യൂൺ ചെയ്യാൻ ധ്യാനം നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾ സ്വസ്ഥമല്ലെങ്കിൽ, ഇറുക്കവും പിരിമുറുക്കവും അനുഭവപ്പെടും. ആ അവസ്ഥയിൽ, ഊർജ്ജത്തിന് പ്രവഹിക്കാൻ കഴിയില്ല, അപ്പോൾ ധ്യാനം ബുദ്ധിമുട്ടായിരിക്കും. നിങ്ങൾ മനസ്സില്‍ പിടിച്ച് വെച്ച എല്ലാ കെട്ടുകളിൽ നിന്നും ആദ്യം മുക്തരാകണം.
പിരിമുറുക്കത്തിന്റെ രണ്ട് കാരണങ്ങൾ- ഭൂതകാലത്തെ ഓർമ്മിക്കുന്നതും ഭാവിയെക്കുറിച്ച് വേവലാതിപ്പെടുന്നതുമാണ്. നിങ്ങൾ മനസ്സു കൊണ്ട് ഈ നിമിഷം ഇവിടെയിരിക്കാന്‍ പരിശീലിക്കുമ്പോളാണ് ആഴത്തിലുള്ള വിശ്രമം ലഭിക്കുന്നത്. ഈ പരിശീലനത്തെ സാധാരണയായി ‘വർത്തമാന കാലത്ത്’ ഇരിക്കുക എന്ന് പറയുന്നു.
കഴിഞ്ഞു പോയതൊന്നും സാരമില്ലെന്ന് കരുതൂ. ഏതെങ്കിലും പിരിമുറുക്കമുണ്ടെങ്കില്‍ അതും മറക്കൂ. ഇന്ന് എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ പ്രതീക്ഷകൾ ഉപേക്ഷിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഉപേക്ഷിക്കുക. “ഇത് ഇങ്ങനെയായിരിക്കണം …” എന്ന് ചിന്തിക്കാൻ പോകരുത്. സ്വയം വിശ്രമിക്കാൻ അനുവദിക്കുക. കഴിഞ്ഞതിനെ മറന്ന്മുന്നോട്ട് പോകാന്‍ സ്വയം അനുവദിക്കുക