ഇന്ന് ജ്ഞാനത്തിന്റെ പുതിയൊരധ്യായത്തിലേക്കു കടക്കുകയാണ്. കാലത്തിന്റെ അനന്ത പ്രവാഹത്തെക്കുറിച്ചു മനസിലാക്കാൻ ശ്രമിക്കുകയാണ് നമ്മൾ . നമ്മളോരോരുത്തരും കാലചക്രത്തിലെ ചെറിയ കണികകളാണ്. ആ അർത്ഥത്തിൽ നമ്മുടെ തന്നെ ചരിത്രം പഠിക്കുകയാണിവിടെ
സഹജരാജയോഗപരിശീലനത്തിനായി ആത്മജ്ഞാനത്തെക്കുറിച്ചും, പരമാത്മജ്ഞാനം, സ്മൃതിയെക്കുറിച്ചും, അതിലൂടെ പ്രാപ്തമാകുന്ന ശക്തികളെക്കുറിച്ചും മനസിലാക്കി. രാജയോഗീ ജീവിതത്തിൽ സമയത്തിന് വലിയ പ്രാധാന്യമുണ്ട്. നമുക്ക് ഓടിക്കൊണ്ടിരിക്കുന്ന സമയത്തെക്കുറിച്ച് ശരിയായ അവബോധമുണ്ട്. ആ അവബോധത്തോടൊപ്പം സമയത്തിന്റെ ചേതനയേയും മനസ്സിലാക്കാനുള്ള ശ്രമമാണിന്ന്.
നമുക്കുള്ള പരാതിയാണ്, സമയമില്ല, സമയം വൈകി, സമയത്ത് കിട്ടിയില്ല, ചെയ്തില്ല എന്നൊക്കെ. ചുറ്റുപാടുമുള്ള ദൃശ്യങ്ങൾ , സംഭവങ്ങൾ , വർത്തമാനങ്ങൾ … എല്ലാം നമ്മെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ വർത്തമാനകാലത്തിലിരുന്ന് മാത്രം ചിന്തിച്ചാൽ പല ചോദ്യങ്ങള്ക്കും ഉത്തരം കിട്ടില്ല. ത്രികാലദർശി എന്ന അവസ്ഥയാണിതിന് ആവശ്യം.
എനിക്ക് മാത്രം എന്താ ഇങ്ങനെ, ഞാൻ മാത്രം എന്താ ഇങ്ങനെ, അവരെന്താ അങ്ങിനെ – എല്ലാറ്റിനുമുള്ള ഉത്തരം കാലത്തിലുണ്ട്. കാര്യകാരണതത്വം കാലത്തിലൊളിപ്പിച്ചുവച്ചിട്ടുണ്ട്. ഈ കാലചക്രത്തെയറിയുമ്പോൾ ലോകചരിത്രത്തിൽ ഞാൻ അഭിനയിച്ചു പൂർത്തിയാക്കിയ എന്റെ ഭാഗങ്ങൾ കാണാൻ കഴിയും.
മനുഷ്യചരിത്രത്തിന്റെ ആദ്യപകുതി വെളിച്ചം നിറഞ്ഞതാണ്. പ്രകാശമാനമായതാണ്. രണ്ടാം പകുതി അന്ധകാരം നിറഞ്ഞതും. തിന്മകൾ നിറഞ്ഞത്. ആത്മബോധത്തിന്റെ വെളിച്ചമാണ് ആദ്യപകുതിയിൽ. രണ്ടാം പകുതിയിൽ ആ ബോധത്തിന്റെ വെളിച്ചം നഷ്ടപ്പെട്ടു. നമ്മൾ ശരീരബോധത്തിലകപ്പെട്ടു.
ഷേക്സ്പിയർ പറഞ്ഞു, ജീവിതം ഡ്രാമയാണെന്ന്. ഓരോരുത്തർക്കും അവരവരുടെ നിശ്ചിത പാർട്ടുണ്ട്. ആത്മാക്കളാണ് അഭിനേതാക്കൾ. ലോകം രംഗവേദിയും. ഇശ്വരൻ സംവിധായകനാണ്, ഒപ്പം ഈ നാടകത്തിലെ ഒരു അഭിനേതാവുമാണ്. കാലം ഡ്രാമയാകുന്നു.
ഈ നാടകം തുടങ്ങി കുറേ കഴിയുമ്പോൾ കാലത്തിന്റെ കോലം മാറുന്നു. അതെങ്ങിനെ എന്നറിയണമെങ്കിൽ കാലചക്രത്തെ അറിയുകയേ വഴിയുള്ളു. ദിനരാത്രം ചക്രമാണ്. നാലു ഋതുക്കളും ചാക്രികമാണ്. ഋതുമാറ്റത്തിനനുസരിച്ച് പരിസ്ഥിതി മാറുന്നു. തനിയാവർത്തനമാണ്. ജനനമരണചക്രവും അതുതന്നെ. കുഞ്ഞായി, യുവാവായി, വൃദ്ധരായി മരണം. വീണ്ടും ജനനം. ആത്മാവ് ശരീരമെടുക്കുന്നു. തനിയാവർത്തനം. ഇങ്ങിനെ നോക്കുമ്പോൾ കാലചക്രം യുഗപരിവർത്തനചക്രമാണ്.
കാലചക്രത്തിലെ ആദ്യപാദത്തിൽ നമ്മളിൽ ഉയർന്ന ഊർജ്ജമായിരുന്നു. അതായിരുന്നു സത്യ,ത്രേതായുഗങ്ങൾ. രണ്ടാം പാദത്തിൽ ഊർജ്ജം താഴേക്ക് താഴേക്ക് പോയി. അതാണ് ദ്വാപര, കലിയുഗം. ഊർജ്ജനിലവാരത്തിന്റെ താഴ്ച്ചയിലാണ്, ജയപരാജയങ്ങൾ, നന്മതിന്മകൾ, വലുപ്പച്ചെറുപ്പം മുതലായവ.
ഏറ്റവും താഴ്ന്ന അറ്റത്തിൽ നിന്ന് വീണ്ടും പുതിയ തുടക്കം തന്നെ വരും. ആത്മാക്കളുടെ ചാക്രികമായ ഊർജ്ജനിലവാരം തന്നെയാണ് കാലചക്രത്തിന് ആധാരം. ജനനമരണത്തിന്റെ തുടർച്ച ആ ചിത്രമാണ് കാണിക്കുന്നത്.
സുന്ദരവും, രമണീയവുമായ ഈ കാലചക്ര ചിത്രത്തിലൂടെ എളുപ്പത്തിൽ ഇത് മനസ്സിലാകുന്നു. ഇലകളിലെ മഞ്ഞുതുള്ളിയും, പർവ്വതനിരകളിലെ തേനരുവിയും പുഴയിൽ ലയിക്കുന്നു. തുള്ളിക്കും അരുവിക്കും പവിത്രതയുടെ സ്വഭാവമാണ്. ഒട്ടും കലർപ്പില്ലാത്ത ചാരുത. പക്ഷേ നദിക്ക് ആ പവിത്രത ഇല്ല. ഗ്രാമങ്ങളും, നഗരങ്ങളും താണ്ടിയെത്തുന്ന നദി മലിനമാണ്. വിഷമാണ്. ധാതുലവണങ്ങളും മാലിന്യവും നദിയിലുണ്ട്. പർവ്വതമുകളിലെ ആദ്യജലകണത്തിനും നീണ്ട യാത്ര കഴിഞ്ഞെത്തിയ അവസാനത്തെ അഴിമുഖത്തെ നദിക്കും വ്യത്യാസമുണ്ട്. ആ ജലം കടലിൽ ചേർന്നു വീണ്ടും സൂര്യകിരണങ്ങളുടെ ചൂടിൽ ജലകണികകൾ നിറഞ്ഞ മഴമേഖമായി, പർവ്വതനിരകളിൽ തട്ടി അതേയാത്ര തുടരുന്നു … അതെ! ഈ ജലചക്രം പോലെ കാലമാകുന്ന നാല് പാദങ്ങളിലൂടെയും ആത്മാവ് സഞ്ചരിച്ച്, ആത്മബോധത്തിനു പകരം ശരീരബോധം വന്ന് എനർജ്ജി ലെവൽ താഴ്ന്ന് വരുമ്പോൾ , ജ്ഞാനസൂര്യന്റെ കിരണങ്ങളേറ്റ്, ആത്മാവ് വീണ്ടും ശുദ്ധകണികയായി മാറും. ഉന്നതമായ ഊർജ്ജ നിലവാരത്തിൽ രംഗവേദി ശുദ്ധമായ പ്രകൃതിയുടെ പശ്ചാത്തലത്തിൽ വീണ്ടും ആവർത്തിക്കും.
സത്യ, ത്രേതാ, ദ്വാപര, കലിയുഗത്തിലൂടെ നാടകം കടന്നുപോകുമ്പോൾ , എന്തിനാണ് ഭഗവാൻ ഈ നാടകം ഉണ്ടാക്കിയതെന്ന് ചോദിച്ചേക്കാം. കാര്യകാരണനിയമമനുസരിച്ച് നോക്കുകയാണെങ്കിൽ നാടകസൃഷ്ട്ടാവ് ഭഗവാനല്ല. ഭഗവാന്റെ കർത്തവ്യത്തെക്കുറിച്ച് ഗീതയിൽ പറയുന്നത് \\\’\\\’എന്റെ ദിവ്യമായ കർത്തവ്യം\\\’\\\’ എന്നാണ്. അശുദ്ധമായ ആത്മാക്കളെ, വീണ്ടും ശുദ്ധീകരിച്ച് ജ്ഞാനതീർത്ഥങ്ങളിൽ മുക്കി പവിത്രമാക്കുന്നതാണ് ദിവ്യകർത്തവ്യം.
ഈ കലിയുഗാവസാനത്തിൽ , അവസാനത്തിൽ കുറച്ച് സമയമുണ്ട്. അതാണ് സംഗമയുഗം. അഞ്ചാം പാദം. നാമെല്ലാം ഇപ്പോൾ ഇവിടെ നിൽക്കുന്നു. ജ്ഞാനസൂര്യൻ വന്നുകഴിഞ്ഞു. പരംപിതാ പരമാത്മാവ് കർത്തവ്യം തുടങ്ങി. നമ്മൾ അതറിഞ്ഞുകൊണ്ടാണ് ഭാഗ്യവാന്മാരായ മക്കളെ എന്ന് വിളിക്കുന്നത്. ആ സന്തോഷത്തിൽ കാലത്തിന്റെ ഇലയറ്റത്തുള്ള, പവിത്രജന്മജലത്തുള്ളിയായി നമുക്ക് വീണ്ടും മാറാം.