കർമ്മങ്ങൾ ഏതെല്ലാം വിധത്തിൽ തരംതിരിക്കപ്പെട്ടിരിക്കുന്നു?
ഓരോരോ തരാം കർമ്മങ്ങളുടെയും ഗതികളും വിധികളും എങ്ങനെയെല്ലാമാണ് ?
ഉത്തമനായ വ്യക്തി എന്ന് ആരെയാണ് പറയുക?
ധ്യാനം മൂലം കർമ്മത്തിൽ എങ്ങനെയാണ് മാറ്റങ്ങൾ ഉണ്ടാവുക?
ഇത്തരം കാര്യങ്ങൾ ഇന്ന് നമുക്ക് ചിന്തിക്കാം.
കർമ്മങ്ങൾ 3 തരമാണുള്ളത്. 1. സത്കർമ്മം 2. വികർമ്മം 3. അകർമ്മം.
സത്കർമ്മത്തിൻ്റെ പ്രേരകശക്തി സതോഗുണങ്ങളാണ്. ആത്മാവിൽ സപ്തഗുണങ്ങൾ നിറഞ്ഞ് സതോഗുണിയായിത്തീരുമ്പോൾ സത്കർമ്മങ്ങൾ മാത്രമേ അവരിൽ നിന്ന് ഉണ്ടാവുകയുള്ളു.
ഏതു കർമ്മമാണോ, ശാന്തിയും, സൗഖ്യവും, സന്തോഷവും തരുന്നത് അത് സത്കർമ്മമായിരിക്കും. സന്തോഷം കിട്ടാനല്ല കർമ്മം ചെയ്യുന്നത്. മറിച്ചു കർമ്മം സന്തോഷത്തോടെ ചെയ്യുകയാണ് വേണ്ടത്.
വികാരത്തിന്നടിമപ്പെട്ടായിരിക്കും വികർമ്മം ചെയ്യുക . കാമ, ക്രോധ, ലോഭ, മോഹ, അഹങ്കാരങ്ങളും പിന്നെ അസൂയ, വിദ്വേഷം, ആലസ്യം, പക, തുടങ്ങിയ നിഷേധാത്മകഭാവങ്ങളും കൂടുമ്പോൾ ടെൻഷൻ, ദുഖം, പശ്ചാത്താപം, നെഗറ്റീവ് ഫീലിങ്ങ് എന്നിവയെല്ലാം ഉണ്ടാവും.
അകർമ്മം യോഗികളുടെ ഉയർന്ന = അവസ്ഥയാണ്. സുഖ-ദു:ഖങ്ങൾക്കും, ജയപരാജയങ്ങൾക്കും അതീതമാണത്. അവിടെ പോസിറ്റീവുമില്ല നെഗറ്റീവുമില്ല. ന്യൂട്രലാണ് .
ഉത്തമൻ ആരാണ്? തന്റെ സന്തോഷത്തിനും, സംതൃപ്തിക്കും വേണ്ടി വ്യക്തിയേയോ സാധനങ്ങളേയോ ആശ്രയിക്കാത്തവർ. ചൈതന്യ ദീപം പോലെ അവർ സദാ പ്രകാശിച്ചുകൊണ്ടിരിക്കും.
ആത്മാവ് മൂലസ്വരൂപത്തിൽ സുഖസ്വരൂപമാണ്. നിദാന്തമായ ആനന്ദം. ഈയൊരു ആത്മാവസ്ഥയിലിരിക്കുന്നവരാണ് യോഗികൾ. രാജയോഗധ്യാനത്തിലൂടെ ഇതനുഭവിക്കാൻ കഴിയും. ഉള്ളിലുള്ളതിനെ അറിഞ്ഞ്, അഭ്യസിക്കുന്നതിലൂടെയാണ് ഇത് സംഭവ്യമാകുന്നത്. ഇത് മനസ്സിലാക്കാതെ സുഖം പുറത്ത് തേടി പോകുമ്പോഴാണ് കണ്ടെത്താന് കഴിയാത്തവരും, ദു:ഖികളുമായി മാറുന്നതും.
സൂക്ഷ്മവികർമ്മം പോലും സംഘർഷവും, അശാന്തിയും, പതനവും, പരാജയവും, തീരാദുഖങ്ങളുമൊക്കെത്തന്നെയാണ് നമുക്ക് തരുന്നത്. സ്വന്തം കർമ്മങ്ങളുടെ അളവുകോലാണിത്. നമുക്ക് സ്വയം തീരുമാനിക്കാം, ഏതൊരു ദിശയിലേക്കാണ് ഞാൻ പോകേണ്ടത്. പക്ഷെ അവയുടെ പരിണിതഫലവും നമ്മൾ തന്നെ അനുഭവിക്കേണ്ടിവരുമെന്ന് തിരിച്ചറിയണം.
രാജയോഗീജീവിതശൈലിയിലൂടെ നമ്മൾ പഠിക്കുന്നത് ഇതാണ്: നില്ക്കൂ! ചെക്ക് ചെയ്യൂ! മാറ്റം വരുത്തൂ.ഏത് കാര്യത്തിനുമുമ്പും, ഒരു നിമിഷം… ഇതൊന്ന് ചെയ്തുനോക്കൂ.
വികർമ്മത്തിൽ നിന്ന് അകന്നിരിക്കാൻ മെഡിറ്റേഷൻ നിങ്ങളെ സഹായിക്കും. ധ്യാനം ശീലമാക്കണം. രാവിലേയും, വൈകുന്നേരവും അരമണിക്കൂർ അല്ലെങ്കിൽ 15 മിനിറ്റെങ്കിലും സമയം കണ്ടെത്തണം. പോസിറ്റീവ് ശക്തി നിങ്ങളിൽ നിറയുന്നത് അറിയുമാറാകും. കർമ്മം സത്കർമ്മമായിത്തീരും.
സ്വാർത്ഥമായ ഇച്ഛകളിൽ നിന്നും അകന്ന് നിൽക്കണം. പേരിനും പ്രശസ്തിക്കും പിന്നാലെ പോകേണ്ടതില്ല. അതെല്ലാം സത്കർമ്മങ്ങൾ കൊണ്ട് താനെ വന്നുചേരുന്നതാണ്.
താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക
നല്ല കർമ്മങ്ങളുടെ പ്രേരകശക്തി എന്താണ് ?
കർമ്മം ആത്മാവിനെയും ശരീരത്തെയും ഏതെല്ലാം തരത്തിൽ സ്വാധീനിക്കും ?
യോഗികളുടെ ഉയർന്ന അവസ്ഥ ഏതാണ് ?
ആത്മാവിൻറെ നിജ സ്വഭാവം എന്താണ് ? അതിനെ എങ്ങനെ വളർത്താൻ സാധിക്കും ?
ശാശ്വതമായ സുഖശാന്തി പുറത്തെവിടെയെങ്കിലും തേടികണ്ടെത്തിയ ആരെങ്കിലുമുണ്ടോ? അതോ ഉള്ളിലാണോ തേടേണ്ടത്? താങ്കളുടെ ജീവിതാനുഭവത്തിൽ നിന്നും ഉത്തരം ചിന്തിക്കൂ.
സ്വന്തം ജീവിതത്തിൽ എന്നും മാറ്റങ്ങൾ കൊണ്ടുവരാൻ തയ്യാറാണെങ്കിൽ മാത്രമേ എന്നും സന്തോഷം നിലനിൽക്കൂ. ഞാൻ മാറാൻ തയ്യാറല്ലെങ്കിൽ ഞാൻ സുഖം അനുഭവിക്കാൻ യോഗ്യനല്ല എന്നാണർത്ഥം. ഇത് മനസ്സിലാക്കിക്കൊണ്ട് സ്വന്തം മനോഭാവങ്ങൾ പുതുക്കുവാൻ തയ്യാറാണോ? അതിനായി എന്തൊക്കെ ചെയ്യും?