ഈ കോഴ്സിൽ പഠിപ്പിക്കുന്ന ധ്യാനരീതിയെ രാജയോഗ ധ്യാനം എന്ന് പറയുന്നു. ബോധപൂര്‍വ്വം ചിന്തകളെ സൃഷ്ടിക്കുന്ന രീതിയാണിത്. ഇത് നിങ്ങളുടെ മനസ്സിനോട് സൗമ്യമായി സംസാരിക്കുന്നത് പോലെയാണ്. അല്ലെങ്കിൽ സ്വയം ചോദ്യങ്ങൾ ചോദിക്കുകയും തുടർന്ന് ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുക. നിങ്ങൾ തിരഞ്ഞെടുത്ത വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളെ നയിക്കുകയോ വഴി കാട്ടുകയോ ചെയ്യുമ്പോൾ, ആ വിഷയത്തിലെ സാരം നിങ്ങൾ അനുഭവിക്കാൻ തുടങ്ങും.
ഉദാ: വിഷയം സമാധാനമാണെങ്കിൽ, നിങ്ങളുടെ ചിന്തകളെ സമാധാനത്തിലേയ്ക്ക് നയിക്കുകയും അത് സമാധാനപരമായ മനോഭാവത്തിന്റെ അനുഭവത്തിലേക്ക് നയിക്കുകയും ചെയ്യും. പോസിറ്റീവ് അനുഭവങ്ങളിലേക്ക് നിങ്ങളെ നയിക്കാൻ ചിന്തയെ ഉപയോഗിക്കുന്ന കലയാണ് രാജയോഗ ധ്യാനം.
ധ്യാനത്തിൽ കൂടുതൽ പരിചയ സമ്പന്നരാകുമ്പോൾ, നിങ്ങളുടെ ചിന്തകൾ കുറയും ഓരോ ചിന്തയും കൂടുതൽ ആഴത്തിൽ അനുഭവിക്കുകയും ചെയ്യും.
കണ്ണ് തുറന്നുള്ള ധ്യാനമാണ് രാജയോഗം ശുപാർശ ചെയ്യുന്നത്. ധ്യാനത്തിൽ നിങ്ങളുടെ കണ്ണുകൾ തുറന്നിരിക്കുന്നത് ലക്ഷ്യം കേന്ദ്രീകരിക്കാനും ഏകാഗ്രതയ്ക്കും സഹായിക്കുന്നു. കണ്ണുകൾ അടയ്ക്കുന്നതിലൂടെ ശരീരത്തിന് ഉറങ്ങാൻ സൂചന കൊടുക്കുകയും അവബോധം നഷ്ടപ്പെടാൻ നിങ്ങളുടെ മനസ്സിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു, ഇത് നിങ്ങളുടെ ധ്യാനത്തിന് ദോഷം ചെയ്യും. കണ്ണ് തുറന്നുള്ള ധ്യാനം പരീക്ഷിക്കുക. ക്രമേണ, ധ്യാനത്തിൽ കണ്ണുകൾ തുറക്കുകയോ പകുതി തുറക്കുകയോ ചെയ്യാന്‍ നിങ്ങൾ ശീലിക്കും
കണ്ണ് തുറന്നുള്ള ധ്യാനം ശീലമാക്കിയാൽ നിങ്ങൾ പിന്നീട് കർമ്മത്തിൽ മുഴുകിയിരിക്കുമ്പോൾ പോലും ഒരു ധ്യാന മാനസികാവസ്ഥയിലേക്ക് പ്രവേശിക്കാൻ നിങ്ങൾക്ക് എളുപ്പമായിരിക്കും. എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും മാറി കണ്ണുകൾ അടച്ചാൽ മാത്രമേ നിങ്ങളുടെ ധ്യാനാവസ്ഥ ലഭ്യമാകൂ എന്ന് ചിന്തിക്കുന്നതിനു പകരം, ദൈനംദിന പ്രവർത്തനത്തിലേക്ക് ധ്യാനത്തിന്റെ വ്യക്തതയും ശക്തിയും കൊണ്ടുവരാൻ കഴിയുന്നതെല്ലേ കൂടുതൽ നല്ലത്. നിങ്ങളുടെ തിരക്കുള്ള ജീവിതത്തിലേക്ക് സ്വാസ്ഥ്യം, ശാന്തത, ശക്തി എന്നിവ സമന്വയിപ്പിക്കുവാനും സാധിക്കും.