അഷ്ടശക്തികളിലൊന്നായ നിർണ്ണയശക്തിയെക്കുറിച്ച് പറയുന്നു. സാധാരണജീവിതത്തിൽ നമ്മൾ നടത്തുന്ന നിർണ്ണയം, ഞാൻ ശരി മറ്റേത് തെറ്റ് എന്ന തരത്തിലായിരിക്കും. പക്ഷേ നിർണ്ണയത്തിന്റെ ചിത്രം തുലാസ്സാണ്. ഇരുഭാഗത്തുമുള്ള തുല്യഭാരം നിശ്ചയങ്ങൾ , തീരുമാനങ്ങൾ , നിർണ്ണയമാവുമ്പോൾ തുല്യതയുടെ ചിത്രം ഓർക്കണം.
ഒരു നിശ്ചയം, തീരുമാനം എടുക്കുവാനുള്ള അവസരം വന്നുവെന്ന് കരുതൂ. ചില കാര്യങ്ങൾ ശ്രദ്ധിക്കണം. തുലാസിന്റെ തട്ട് ഒരു ഭാഗത്തേക്ക് ചായരുത്. തുല്യമായിരിക്കണം. മനസ്സിന് ചാഞ്ചാട്ടം ഉണ്ടാവരുത്. നിർണ്ണയം നിക്ഷ്പക്ഷവും നീതിയുക്തവുമായിരിക്കണം. ആ തീരുമാനം ആർക്കും ദുഖമുണ്ടാക്കരുത്. മക്കളുടെ കാര്യത്തിലായാൽ പോലും അതാണ് ഉചിതം. എന്റെ താല്പര്യമല്ല, നിസ്സംഗത്വമാണ് വേണ്ടത്. ഞാൻ അസ്വസ്ഥനാണെങ്കിൽ നിർണ്ണയം നടത്തരുത്. അപ്പോഴത്തെ അവസ്ഥയിൽ അതൊരുപക്ഷേ ശരിയാവണമെന്നില്ല. ഏതു സാഹചര്യത്തിലും, അന്തിമതീരുമാനത്തിനുമുമ്പ് പരിശോധിക്കണം ഞാൻ ശാന്തനാണോ, സ്വസ്ഥനാണോ, നിർഭയനാണോ – ഞാന്‍ ഈശ്വരനോട് മറുപടി പറയേണ്ടതുണ്ട്. അല്ലെന്ന് തോന്നുന്നെങ്കിൽ തീരുമാനം മാറ്റിവെക്കുന്നതാണ് ഉചിതം.
വികാരവിക്ഷോഭങ്ങളാൽ തകരുന്ന കുടുംബങ്ങളുണ്ട്. സമൂഹത്തിലും വ്യക്തികളിലും ഇത് ബാധകമാണ്. തീരുമാനത്തിലെ പാകപ്പിഴകൾ ചിലപ്പോൾ വലിയ അബദ്ധങ്ങളിൽ കലാശിക്കും. കുടുംബത്തിലും, ഓഫീസിലും, സംഘടനയിലും ഇത് ബാധകമാണ്. വ്യക്തി എന്ന നിലയിൽ ചിലപ്പോൾ തീരുമാനം ശരിയാവണമെന്നില്ല. നിർണ്ണയത്തിനും, വിലയിരുത്തലുകൾക്കും മുമ്പ് വളരെ ചിന്തിക്കണം. ആരെക്കുറിച്ചും അന്തിമവിധി നടത്തരുതെന്ന് ഭഗവാന് പറഞ്ഞിട്ടുണ്ട്. കാരണം ആർക്കും എപ്പോഴും പരിവർത്തനം സംഭവിക്കാം.
ഞാനാണ് തീരുമാനിച്ചത്. നടപ്പിലാവണം – ആ രീതിയിൽ കാണരുത്. ഞാനൊരു ഉപകരണം മാത്രം. തീരുമാനം മുകളില്‍നിന്നു വന്നു. എളിമയുടെ പ്രകാശം അവിടെയുണ്ട്. സ്വയം ചെക്ക് ചെയ്യണം. ഇടപെടുന്നവരോടെല്ലാം നിഷ്പക്ഷമായാണോ? എന്നെ സ്വാധീനിക്കുന്ന മറ്റ് ശക്തികളുണ്ടോ? എന്നിൽ കാപട്യമുണ്ടോ? ഈ ചെക്കിങ്ങ് എനിക്ക് വേണ്ടിത്തന്നെയാണ്. കാരണം ഓരോ ദിവസവും എനിക്ക് ഭഗവാന് കണക്ക് കൊടുക്കാനുള്ളതാണ്.