സഹകരണത്തിന്റെ ശക്തി, കുടുംബത്തിലും, വ്യക്തിബന്ധങ്ങളിലും ഉണ്ടാക്കുന്ന അതിശയകരമായ മാറ്റങ്ങൾ – അതു നേടിയെടുക്കാനും, പ്രയോഗത്തിൽ വരുത്താനും ചില നിർദ്ദേശങ്ങൾ.
ജീവിതത്തിൽ സഹകരണത്തിന്റെ ശക്തി ഏറ്റവും പ്രധാനമാണ്. തലയിൽ ചുമടു വെക്കാൻ മറ്റൊരാളുടെ സഹായം വേണം. ആ അവസരത്തിൽ നമ്മളെ സഹായിക്കുന്ന യുക്തി നമ്മെക്കാൾ ഉയരമുള്ള ആളാണെങ്കിൽ ഒന്ന് കുനിഞ്ഞുകൊടുക്കണം. ജീവിതത്തിൽ വലിയ കാര്യങ്ങൾ ചെയ്ത് മുന്നേറാൻ സഹകരണത്തിലൂടെയെ സാധിക്കൂ. അങ്ങിനെയുള്ളവർ നാം വിചാരിക്കുന്ന പോലെ ചിന്തിക്കുമെന്നോ നമ്മെപ്പോലെ കാര്യങ്ങൾ ചെയ്യുമെന്നോ ഉള്ള പ്രതീക്ഷ വേണ്ട. സഹകരണം ഒരുപക്ഷേ മറുഭാഗത്ത് കണ്ടെന്നുവരില്ല. പക്ഷേ നമുക്ക് വേണ്ടിയിരിക്കുന്നു. കാരണം സഹകരിച്ച് മുന്നേറാനാണ് നമ്മൾ ശ്രമിക്കുന്നത്.
ഉറുമ്പുകളെ നോക്കൂ! ഒരരിമണിയായിരിക്കാം, അത് കണ്ട ഉറുമ്പ് എല്ലാവരെയും അറിയിക്കും. പിന്നെ കൂട്ടായ പ്രയത്നമാണ്. എല്ലാവരും ചേർന്നു ആ അരിമണിയെ പൊക്കി എത്തിക്കേണ്ടിടത്ത് എത്തിക്കും. സമയമാവുമ്പോൾ എല്ലാവരും കൂടെ സന്തോഷത്തോടെ കഴിക്കും.
കുടുംബത്തിലേയും സ്ഥിതി ഇതുതന്നെ. ഓരോ ആത്മാവിനും കഴിവും കുറവും ഉണ്ടാവും. പക്ഷേ സഹകരിച്ച് മുന്നേറുമ്പോൾ ആ ഐശ്വര്യം കുടുംബത്തിനാകെ കൈവരുന്നു. ധാരണയും സഹകരണവും ഉള്ള കുടുംബത്തിൽ ചെല്ലുമ്പോൾ തന്നെ അവിടുത്തെ ശാന്തിയും സന്തോഷവും നമുക്കനുഭവപ്പെടും.