Day 33



  • പല രീതിയിലുള്ള ധ്യാനരീതികൾ നിലവിലുണ്ട്. രാജയോഗ മെഡിറ്റേഷനിൽ തന്നെ പല തരത്തിലുള്ള യോഗമുറകൾ ഉണ്ട്. ബ്രഹ്മാകുമാരീസ് ഈശ്വരീയവിശ്വവിദ്യാലയം പ്രദാനം ചെയ്യുന്ന സഹജരാജയോഗത്തിന്റെ സവിശേഷതകൾ പരിശോധിക്കാം.
  • യോഗം എന്ന് കേട്ടാൽ ശാരീരികയോഗാഭ്യാസവും, പ്രാണായാമവും അഭ്യസിക്കുന്ന ചില വിധികളായിരിക്കും എന്ന് പൊതുവെ കരുതും. പക്ഷേ രാജയോഗത്തിൽ ആരംഭിക്കുന്നത് തന്നെ  “ഞാൻ” ആത്മാവ് എന്ന പാഠമാണ്. ശാന്തി നിറഞ്ഞ ഒരു വെളിച്ചം. ഈ അടിസ്ഥാനധാരണയിൽ നിന്ന് ധ്യാനം വികസിക്കുന്നു. മനസ്സിന്റെ അച്ചടക്കം, ശാരീരിക അച്ചടക്കം… സ്വയമറിയാതെ മാറ്റം കൈവരുന്നു.
  • രാജയോഗധ്യാനത്തിൽ കണ്ണുകൾ തുറന്നിരുന്നുള്ള അഭ്യാസമാണ്. സാധാരണ ജീവിതത്തിൽ തന്നെ വളരെ ശ്രദ്ധയോടെ ഒരു കാര്യം ചെയ്യുമ്പോൾ കണ്ണുകൾ പാതി അടഞ്ഞിരിക്കും. അത് നമ്മൾ അറിയാറില്ലെന്ന് മാത്രം. കണ്ണുകൾ തുറന്ന് ഇരിക്കുമ്പോഴാണ് ഏകാഗ്രത കൂടുകയെന്നും, വ്യർത്ഥ ചിന്തകളിൽ നിന്ന് സമർത്ഥത്തിലേക്ക് എളുപ്പം കയറിച്ചെല്ലാമെന്നും മനസ്സിലാവുന്നു. പോസിറ്റീവ് ചിന്തകൾ കൊണ്ട് മനസ്സ് നിറയും. ശ്രീശങ്കരനും, ശ്രീബുദ്ധനും പാതിയടഞ്ഞ കണ്ണുകളുമായാണ് ചിത്രത്തിൽ നമ്മൾ കാണാറുള്ളത്‌. ബുദ്ധിക്ക് മൂർച്ഛ കൂടും, മനസ്സിന് ചഞ്ചലതകൾ ഉണ്ടാവില്ല.
  • ബ്രഹ്മാകുമാരീസ് സ്ഥാപകൻ ബ്രഹ്മാബാബ ധ്യാനനിരതനാകുമ്പോൾ നെറ്റിത്തടത്തിൽ ആത്മീയമായ ഒരു വെളിച്ചം കാണപ്പെടുമെന്ന് പലരും പറഞ്ഞിട്ടുണ്ട്. അതീന്ദ്രീയമായ ഒരു ആനന്ദത്തിലായിരിക്കും. ഒരു സംഭവകഥ പറയുന്നുണ്ട്, ഒരു കൊലയാളി , ബാബയെ ഇല്ലാതാക്കുവാനുള്ള ലക്ഷ്യവുമായി ബാബയുടെ മുറിയിൽ ആരുമറിയാതെ വന്നു. ഏകനായി മുറിയിൽ ധ്യാനലീനനായിരിക്കുകയായിരുന്നു ബാബ. അയാൾ ബാബയെ നോക്കിയപ്പോൾ നെറ്റിത്തടവും കണ്ണുകളും തിളങ്ങുകയായിരുന്നു. ദിവ്യമായ ഒരു പ്രകാശം അയാളെ വലയം ചെയ്തു. അയാൾ ഏറെ ആരാധിക്കുന്ന ഗുരു നാനാക്കിനെയാണ് അവിടെ കണ്ടത്. ആ അലൗകിക നിശബ്ദതയിൽ അയാളുടെ വലിയ കത്തി താഴെ വീണു. ബാബ കണ്ണുതുറന്നു. തേങ്ങലോടെ അയാൾ ബാബയുടെ കാൽക്കൽ വീണു. ബാബയിൽ നിന്ന് പ്രസാദം സ്വീകരിച്ച് അയാൾ പോയി.
  • നല്ല അനുഭൂതിയിൽ ഇരിക്കുമ്പോൾ ചുറ്റുപാടും അത് പോസിറ്റീവ് എനർജ്ജി ഉണ്ടാക്കും. വീട്ടിലെ മറ്റുള്ളവർക്കും , അയൽക്കാർക്കും ഇത് ഫീൽ ചെയ്യാൻ തുടങ്ങും. ദൂരെയിരുന്നുപോലും ഇതനുഭവിക്കാം. ക്രൂരജന്തുക്കളിൽ പോലും ഇതിന്റെ പ്രഭാവം നമുക്ക് കാണാം. മെഡിറ്റേഷൻ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഊർജ്ജ തരംഗങ്ങൾ ചുറ്റുപാടും ലോകം മുഴുവനും പരക്കാൻ ശക്തിയുള്ളതാണ്. അത് മംഗളകരമായ മാറ്റങ്ങൾ വിശ്വത്തിൽ കൊണ്ടുവരും. അശാന്തി നിറഞ്ഞ മനസ്സുകളിൽ ശാന്തി കൊണ്ടുവരും
  • രാജയോഗത്തിന്റെ മറ്റൊരു സവിശേഷത, കർമ്മ യോഗം, ഭക്തിയോഗം, സന്യാസയോഗം, ജ്ഞാനയോഗം എന്നീ വിശേഷയോഗങ്ങളുടെ സമന്വയമാണ് എന്നുള്ളതാണ്.
Scroll to Top