എന്താണ് രാജയോഗധ്യാനത്തിൻ്റെ ഫലങ്ങൾ ? പ്രത്യക്ഷഫലം തരുമോ? ഇത് തികച്ചും പ്രായോഗികമാണോ? സ്വയം അങ്ങിനെയൊക്കെ മനസിനെ നിയന്ത്രിക്കാൻ പറ്റുമോ?
ഒരു സംശയവും വേണ്ട! സഹജവും പ്രായോഗികവുമായ രീതിയാണ് ഇത്. രാജയോഗം പരിശീലിക്കാൻ എളുപ്പമാണ്. ആയിരക്കണക്കിന് ജീവിതങ്ങളെ സന്തോഷത്തിലേക്കും സുഖപ്രാപ്തിയിലേക്കും നയിക്കാൻ സാധിച്ചിട്ടുണ്ട്. രാജയോഗധ്യാനരീതി പരിശീലിക്കുമ്പോൾ. ദിവസത്തിന് 24 മണിക്കൂർ ഉണ്ടെന്ന് അനുഭവിച്ചു മനസ്സിലാക്കുന്നു. നേരത്തേ ഇത് ഗണിതരൂപത്തിൽ അറിയാമായിരുന്നു, പ്രയോഗത്തിൽ അനുഭവപ്പെട്ടില്ല. ധൃതിയായിരുന്നു. ഓടി ഓടി തളർന്ന്, ദു:ഖവും, നിരാശയുമായി, ഉറക്കം പോലും ശരിയാവാതെ…. അങ്ങിനെയൊക്കെയായിരുന്നു. ഉള്ള സമയത്തെ ഫലവത്തായി അനുഭവിക്കാനാണ് നമ്മൾ ആദ്യം പഠിക്കേണ്ടത്..
മുമ്പ് 80% സമയവും, കഴിഞ്ഞ കാര്യങ്ങൾ ഓർത്തും, അതിൽ ജീവിച്ചുമാണ് കഴിഞ്ഞത്. 15% ഭാവിയെ ഓർത്തും ജീവിച്ചു. 5% മാത്രമാണ് വർത്തമാനത്തിൽ ജീവിച്ചത്. മെഡിറ്റേഷൻ പഠിപ്പിക്കുന്നത് ഇന്നുകളിൽ ജീവിക്കാനാണ്. ഒരു നിമിഷം പോലും നിങ്ങളുടെ സമയം വേസ്റ്റ് ആകുന്നില്ല.
മെഡിറ്റേഷൻ സമയത്ത് മനസ്സ് ശാന്തമാകുന്നു. ശ്വാസഗതി സാവധാനത്തിലാകുന്നു. പൾസ് റേറ്റ് കുറയും. ശരീരതാളം അതിന്റെ ക്രമത്തിലാവും. ഈ അവസ്ഥയിൽ പല അസുഖങ്ങളും ഭേദമാകും.. മനസ്സിൽ നല്ല മാറ്റം സംഭവിക്കുമ്പോൾ നമ്മൾ പോലും അറിയാതെ നമ്മൾ അസുഖങ്ങളിൽ നിന്ന് മുക്തരാക്കുന്നു.
ധ്യാനം പഠിച്ചുകഴിയുമ്പോൾ വൈകാരിക പക്വത നേടുന്നു. കുടുംബബന്ധം ദൃഢമാകുന്നു. ശിഥിലബന്ധങ്ങൾ പോലും ശരിയാകും. വാക്കുകളിലും പെരുമാറ്റത്തിലും ശ്രദ്ധിക്കുമ്പോൾ സ്വയം ശാന്തിയിലിരിക്കാനും, കുടുംബത്തിൽ സ്വസ്ഥത കൊണ്ടുവരാനും കഴിയുന്നു. മെഡിറ്റേഷനിലൂടെ കഴിഞ്ഞുപോയതോ വരാൻ പോകുന്നതോ ആയിട്ടുള്ള സംഭവങ്ങളിൽ ഉത്കണ്ഠയും സങ്കടങ്ങളും ഉണ്ടാകുന്നില്ല. സത്യത്തിന്റെ പാഠങ്ങൾ പഠിച്ചതുകൊണ്ട് കുറ്റപ്പെടുത്തലുകളും, ചീത്തപറച്ചിലുകളും ഉണ്ടാകുന്നില്ല. അടുക്കും ചിട്ടയോടുമൊപ്പം സ്വയം നിയന്ത്രിതമായ ജീവിതശൈലി രൂപപ്പെടും.
നൂറ്റിനാല് വയസ്സുള്ള ജാന്കി ദാദിജിയോട് ഒരാൾ ചോദിച്ചു ഈ പ്രായത്തിലും ഇത്രയും എനർജറ്റിക്ക് ആയിരിക്കാൻ ദാദിക്ക് എങ്ങനെയാണ് കഴിയുന്നത്? ദാദിജി പറഞ്ഞു: ഞാൻ എന്റെ ഊർജ്ജം സംരക്ഷിക്കുന്നു. അൽപ്പം പോലും എന്റെ ഊർജ്ജം പാഴാക്കാറില്ല.
മറ്റൊരു കാര്യം അഡിക്ഷനില്നിന്നുള്ള മോചനമാണ്. നിരന്തരമായുള്ള ഫോൺ ഉപയോഗിക്കൽ, മദ്യാസക്തി ഇതിൽ നിന്നൊക്കെ വിട്ടുനിൽക്കാനുള്ള പ്രേരണ കൈവരും. യഥാർത്ഥ സന്തോഷം, ശക്തി, സമാധാനം പുറത്തല്ല അകത്തുതന്നെയുണ്ട് എന്നറിയുമ്പോൾ ആത്മാവ് പ്രകാശിക്കുന്നു. അകക്കണ്ണ് തുറക്കും. അനാവശ്യ വേസ്റ്റ് സ്വഭാവങ്ങൾ മാറിക്കിട്ടും.