നമുക്ക് വേണമെങ്കിൽ ദിവസവും ഭഗവാനുമായി അടുപ്പത്തിലിരിക്കാൻ സാധിക്കും. ഏതു ബന്ധമാണോ ഭഗവാനുമായി വേണ്ടത്, ആ സ്ഥാനത്ത് സർവ്വ ശക്തിവാനെ കാണാൻ കഴിയും. ജീവിതയാത്രയിൽ ആത്മവിശ്വാസം തന്നെ തകരുന്ന രീതിയിൽ സംഭവങ്ങൾ ഉണ്ടാകാം. ആരോഗ്യം, ആക്സിഡന്റ്, അവിചാരിതസംഭവങ്ങൾ, എല്ലാം നമ്മൾ പ്രതീക്ഷിച്ചപോലെ ആവണമെന്നില്ല. ഇതെല്ലാം തരണം ചെയ്യണം. ഈശ്വരൻ നേരിട്ട് ഒന്നിലും ഇടപെടുന്നില്ല.
അപ്രതീക്ഷിതമായത് നമ്മൾ പ്രതീക്ഷിക്കണം. എപ്പോൾ , ആർക്ക്, എങ്ങിനെ, എവിടെ വച്ച്…എന്തും സംഭവിക്കാം. ഒന്നും നമുക്കറിയില്ല. ഇപ്പോഴത്തെ സാഹചര്യമെല്ലാം അങ്ങിനെയുള്ളതാണ്. കുറ്റം പറഞ്ഞും പരിഭവിച്ചും ഇരിക്കുകയല്ല, അതിജീവിക്കുകയാണ് നമ്മൾ ചെയ്യുന്നത്. സ്വയം സമാധാനിക്കാനും, മറ്റുളളവരെ സമാധാനിപ്പിക്കാനും നമുക്ക് കഴിയണം. നമുക്കേ അത് കഴിയൂ. കാരണം നമ്മൾ രാജയോഗികളാണ്.
ബ്രഹ്മാബാബക്കു ജീവിതത്തിൽ വലിയ പ്രതിസന്ധികൾ നേരിടേണ്ടിവന്നിട്ടുണ്ട്. 1950 കാലം. ബാബയുടെ കൂടെ 350 പേരോളം ഉണ്ട്. ചില ദിവസങ്ങളിൽ ഉച്ചഭക്ഷണത്തിന് സാധനങ്ങൾ ഉണ്ടാവില്ല. ചിലർ രോഗികളായിരിക്കും. സമയത്ത് ഭക്ഷണം വേണം. അടുക്കളയിലുള്ളവർ സാധനങ്ങൾ ഇല്ലെന്ന് വന്നു പറയുമ്പോൾ ബാബ പറയും: ഭഗവാന്റെ യജ്ഞമാണ്, ഭഗവാനാണ് തുടങ്ങിയത്. നടത്തുന്നതും ഭഗവാനായിരിക്കും. ഭഗവാന്റെ കുട്ടികളാണ്. വിശന്നിരിക്കില്ല. ആത്മബോധത്തിലിരുന്ന് സർവ്വശക്തിവാനെ ഉപയോഗിക്കുക. എന്നിട്ട് അനുഭവം നോക്കുക. നല്ല അനുഭവം ഉണ്ടാകും. മന:ശ്ശാന്തിയും, മന:ശ്ശക്തിയും നേടും. തീർച്ചയായും താങ്കൾ അത് മറ്റുള്ളവരുമായും പങ്കുവെക്കണം.