ഈശ്വരൻ ഏതെല്ലാം കാര്യങ്ങളിൽ ഇടപെടും? ഏതിലെല്ലാം ഇടപെടില്ല?
ഈശ്വരൻ പ്രകൃതിയെ നിയന്ത്രിക്കുന്നുണ്ടോ?
ഈശ്വരൻ വിചാരിക്കുന്നതാണോ നടക്കുന്ന സംഭവങ്ങളെല്ലാം
അറിയാം നമുക്കിന്നു ഈ രഹസ്യങ്ങൾ
ജീവിതമാകുന്ന ഈ ബൃഹത് നാടകവേദിയിൽ എല്ലാവരും അവരവരുടെ കർത്തവ്യങ്ങൾ അനുഷ്ടിക്കുന്നു. സ്വന്തം നിലനിൽപ്പിനായി നല്ലതോ ചീത്തയോ ആയ കർമ്മങ്ങൾ ! ഭഗവാനോ ? ഭഗവാന് നിലനില്പ്പിനായി കർത്തവ്യനിർവ്വഹണത്തിന്റെ ആവശ്യമില്ല. കാരണം ഭഗവാൻ സ്വയം സമ്പൂർണ്ണനാണ്. ഭഗവാന്റെ കർത്തവ്യം പരോപകാരമാണ്. ഇവിടെ നമുക്ക് ഈശ്വരൻ എന്തു ചെയ്യുന്നു, എന്തു ചെയ്യുന്നില്ല എന്ന് പരിശോധിക്കാം.
ഈശ്വരനെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്. ഈശ്വരൻ ചെയ്യാത്ത കാര്യങ്ങളിൽ പോലും ആരോപണം ഉന്നയിക്കുന്നു. വാസ്തവത്തിൽ ഈശ്വരന്റെ പക്കൽ എന്തൊക്കെയാണുള്ളത്? ഈശ്വരന്റെ പ്രവൃത്തികൾ എന്തൊക്കെയാണ്? നമുക്ക് ഈശ്വരനോട് പറയാവുന്നത് എന്തൊക്കെയാണ്? ഇതെല്ലാം അറിഞ്ഞ് നിർമ്മലമായി ജീവിക്കുമ്പോഴാണ് രാജയോഗിയാവുന്നത്.
ഈശ്വരനുമായി എന്താണ്, എങ്ങിനെയാണ് സംസാരിക്കേണ്ടത്? ഭഗവാന് നമുക്ക് പറഞ്ഞു തരിക എന്തൊക്കെയായിരിക്കും? നഷ്ട ലാഭക്കണക്കുകളോ? ഒരപകടമുണ്ടായാൽ ഈശ്വരനാവുമോ കാരണക്കാരൻ? ഇലയനങ്ങുന്നതും, കടൽത്തിര ആഞ്ഞുവരുന്നതും ഭഗവാന്റെ ഇച്ഛയനുസരിച്ചാണോ ? നല്ലതും കെട്ടതും സംഭവിക്കുന്നത് ഭഗവാന് പറഞ്ഞിട്ടാണോ?
ഭഗവാനെക്കുറിച്ച് നമ്മുടെ ഭാവനയെന്താണ്? എല്ലാ നന്മകളും നിറഞ്ഞവൻ . എങ്കിൽ അധർമ്മത്തിനും, അനാശാസ്യത്തിനും എങ്ങിനെ കൂട്ടുനിൽക്കും? എങ്ങനെ മനുഷ്യർ ഇത്രക്കും അധപതിക്കും? എല്ലാം ഈശ്വരേച്ഛ എന്നു പറയുന്നതും ഈശ്വരനെ നിന്ദിക്കലല്ലേ?
ശരിയായി ചിന്തിക്കുകയാണ് ഇവിടെ അഭികാമ്യം. ഈശ്വരൻ നല്ലവനാണെന്ന് പറയുമ്പോൾ തിന്മക്കും കാരണക്കാരനാണെന്ന് പറയരുത്. മഴ പെയ്യുന്നില്ലെങ്കിൽ ദൈവം കനിയാഞ്ഞിട്ടല്ല. പ്രകൃതിയിലും മനുഷ്യരിലും ദൈവം ഇടപെടുന്നില്ല. പ്രകൃതിക്ക് ഒരു നിയമമുണ്ട്. വിത്ത് മണ്ണിലിട്ടാൽ മുളക്കും. പാറപ്പുറത്തിട്ടാൽ മുളക്കില്ല. അതൊരു നിയമമാണ്. പ്രപഞ്ചതാളത്തെ മാറ്റിമറിക്കാൻ മനുഷ്യർക്കാണ് ആവുക. മറ്റൊരു ജീവിക്കും ഇത്തരം സ്വാർത്ഥതകളില്ല. ലോകത്തിന്റെ താളം തെറ്റുമ്പോൾ താളം പുനർഥാപിക്കാനാണ് ഈശ്വരൻ ഇടപെടുന്നത്.
സർവ്വ ഗുണങ്ങളുടേയും സാഗരനായ ഈശ്വരൻ അതുപോലുള്ള കാര്യങ്ങളാണ് ചെയ്യുക. പരമോന്നതൻ ഔന്നത്യമുള്ള കാര്യങ്ങളേ ചെയ്യൂ. ഗീതയിൽ പറഞ്ഞിട്ടുണ്ടല്ലോ! ധർമ്മ സംസ്ഥാപനർത്ഥായ … സത്യവും ധർമ്മവും സ്ഥാപിക്കാൻ. ആ സ്ഥാപനക്കായി ഇടപെടും. അത് നമുക്ക് ജ്ഞാനം നല്കി, ബോധവാന്മാരാക്കി, യോഗവിധി നല്കിക്കൊണ്ടായിരിക്കും.
മനുഷ്യർക്ക് മനസ്സിലായിത്തുടങ്ങി. സ്വന്തം കർമ്മങ്ങൾ തന്നെയാണ് പ്രകൃതിയുടെ താളം തെറ്റിച്ചത്. ധർമ്മം മറന്ന് കർമ്മം വികലമാവാൻ തുടങ്ങി. മൂന്നു ശക്തികളാണ്. ആത്മാവ്, പരമാത്മാവ്, പ്രകൃതി. ഓരോന്നിനും അതിന്റേതായ നിയമാവലികളുണ്ട്. വിധികളുണ്ട്. പരമാത്മാവ് ആ വിധിയനുസരിച്ചേ ഇടപെടൂ. പ്രകൃതിക്കും സ്വയമൊരു താളക്രമമുണ്ട്. മനുഷ്യജീവിതത്തിനും കർമ്മസിദ്ധാന്തമുണ്ട്. വിധിനിയമമുണ്ട്.
ആത്മീയതയുടേയും, ഭൗതീകതയുടേയും സമന്വയമാണ് രാജയോഗം. അതൊരു ജീവിതരീതിയാണ്. ജീവിതത്തിന്റെ ഒരു ഭാഗമല്ല. ജീവിതം തന്നെ അതാണ്. ഈശ്വരൻ ഒരു ദുർമന്ത്രവാദിയല്ല. ജഡ്ജിക്കും, കൊലപാതകിക്കും ഇവിടെ പ്രാർത്ഥിക്കാം. ആരുടെ പ്രാർത്ഥനയാണ് ഈശ്വരൻ കേൾക്കേണ്ടത് ? ഭൗതീക, ലൗകീക കാര്യങ്ങളിൽ ഇടപെടുന്നത് ഈശ്വരന്റെ ജോലിയല്ല. പ്രാർത്ഥനയല്ല, സംസാരിക്കുന്നതാണ് ഭഗവാനിഷ്ടം. അതിനാണ് അറിവ് നേടേണ്ടത്. ധ്യാനിക്കേണ്ടത്. ജ്ഞാനിയോഗിയായി മാറുന്നത് ഈശ്വരനുമായി സംസാരിച്ചുകൊണ്ടായിരിക്കും.
വിസ്തൃതമായ നാടകശാലയിൽ അഭിനയിക്കുന്ന ആത്മാവ് തമോഗുണികളായിത്തീരുമ്പോൾ ഭഗവാൻ ഇടപെടുന്നു. അതായത് മനുഷ്യർക്ക് ജ്ഞാനം നല്കും. ഭഗവാന്റെ കർത്തവ്യം, ജോലി അതാണ്. ഞാൻ ആരാണ്, എവിടെനിന്ന് വന്നു, ചെയ്യേണ്ടത് എന്തൊക്കെ – ഓരോന്നും ആ സ്നേഹവത്സലൻ ശ്രദ്ധിച്ച് കേട്ട് മറുപടി തരുന്നു. കർമ്മ നിയമങ്ങളെക്കുറിച്ച് അറിവ് തന്നു. തെറ്റുകൾ തിരുത്താനുള്ള വഴികൾ പറഞ്ഞുതന്നു. ഗീതാജ്ഞാനം തന്ന് ബോധവാന്മാരാക്കുന്നു. ഈ സമയം സ്വയം തിരിച്ചറിഞ്ഞ് ജ്ഞാനം നേടി പുതിയ ശൈലിയിലൂടെ ചരിക്കാൻ മാനവനുള്ള അവസരമാണ്.
ആത്മബോധത്തിൽ , പരമാത്മാ അറിവിൽ , എങ്ങനെ ഭഗവാനെ സമീപിക്കണം. എന്തു പ്രാർത്ഥിക്കണം, എന്തൊക്കെയാണ് ചെയ്യേണ്ടത്… നമ്മളെല്ലാം അറിയുന്നു. അറിവിന്റെ നിറവിൽ ചോദ്യങ്ങളില്ലാതാകുന്നു. രാജയോഗത്തിലൂടെ, നിത്യസത്സംഗത്തിൽ , ആത്മബോധം വളർന്ന്, വിവേകശാലികളായി മാറി, സ്വന്തം കർമ്മപന്ഥാവ് തിരിച്ചറിഞ്ഞ്, എല്ലാറ്റിനും സാക്ഷിയായി, സുഖദുഖത്തിനതീതമായി ഞാൻ വളരുന്നു. പരിവർത്തനപ്പെടുന്നു.