Day 24

  • ഈശ്വരന്റെ സ്വഭാവം എന്താണ്?
  • എന്തിനാണ് ഈശ്വരനെ സ്മരിക്കുന്നത് ?
  • ഈശ്വരൻ മനുടെ പ്രാർത്ഥനകൾ കേൾക്കുന്നുണ്ടോ?
  • നമ്മുടെ പ്രാർത്ഥനകൾ ഏതുവിധമായിരിക്കണം ?
  • എന്നിങ്ങനെ ഈശ്വര സ്മരണയെക്കുറിച്ചുള്ള അറിവുകൾ നമുക്കിന്നു സ്വായത്തമാക്കാം

 

  • എന്തിനാണ് ഈശ്വരനെ സ്മരിക്കുന്നത്? അതിനുമുമ്പായി ഈശ്വരന്റെ സ്വഭാവം എന്താണെന്നറിയണം. ചിലർ പറയാറുണ്ടല്ലോ; ഇത് എന്റെ സ്വഭാവമാണ്. ഓരോരുത്തർക്കും ഓരോ തരം സ്വഭാവം. എങ്കിൽ ഈശ്വരനും കാണും ഈശ്വരന്റെ സ്വഭാവം.
  • ആത്മാവിനെക്കുറിച്ച് നമ്മൾ അറിഞ്ഞുകഴിഞ്ഞു. ഏഴ് ഗുണങ്ങൾ നിറഞ്ഞ ആത്മാവ്. ആ ഗുണങ്ങളുമായാണ് ഇവിടെ വന്നത്. ഇവിടെ വന്ന് ഈ പ്രകൃതിയുടെ പ്രകൃതത്തിൽ വശപ്പെട്ടപ്പോഴാണ് ചഞ്ചലമായി മാറിയത്. ദിവ്യമായ തനത് സ്വഭാവത്തില്നിന്ന് വ്യതിചലിച്ചു.
  • ആത്മാവിന്റെ പിതാവായ പരമാത്മാവ് ഗുണങ്ങളുടേയും, ശക്തികളുടേയും സ്വരൂപമാണ്. ആത്മാവിന്റെ സ്വഭാവം ശാന്തിയാണെങ്കിൽ പരമാത്മാവ് ശാന്തിയുടെ കടലാണ്. സ്നേഹത്തിന്റെ കടലാണ്. എല്ലാ ഗുണങ്ങളുടേയും ശക്തികളുടേയും അനന്തമായ കടൽ . ഭഗവാൻ രൂപത്തിൽ ബിന്ദുവാണ്. ഗുണത്തിൽ സിന്ധുവുമാണ്. സദാ ഏകരസാവസ്ഥ. സദാശിവൻ. സദാ നിറഞ്ഞിരിക്കുന്ന അവസ്ഥ.
  • ഈശ്വരനെ സ്മരിച്ച്, സ്മരിച്ച് ഗുണവാനായി മാറാം. നാം വിട്ടുപോയ, കളഞ്ഞുപോയ, മറന്നുപോയ ദൈവത്തിന്റെ സ്നേഹം വീണ്ടെടുക്കാം. നല്ലത് ചെയ്യണമെങ്കിൽ നല്ലത് നിറഞ്ഞിരിക്കണം. ഒരാളെ നമുക്ക് ഫോളോ ചെയ്യേണ്ടതുണ്ട്. ലോകത്തിൽ പ്ലസ്സും മൈനസ്സും ഉള്ളവരാണ് എല്ലാവരും. പരിപൂർണ്ണനായ ആ ഒരാളുമായി കണക്ഷൻ വെക്കുകയാണ് നമ്മൾ. അതാണ് രാജയോഗം.
  • സ്നേഹിക്കാൻ ഭഗവാനിൽ നിന്ന് പഠിക്കണം. കടൽ സമാനം ഭഗവാൻ എനിക്ക് സ്നേഹം തന്നു. സ്നേഹത്തിന്റെ തൂവെള്ളയായ ആ ദാതാവിന്റെ കുട്ടിയാണ് ഞാൻ. എനിക്ക് തരുമ്പോൾ ഞാനും കൊടുക്കേണ്ടേ?
  • ഭഗവാന്റെ ഏറ്റവും വലിയ ഗുണം സർവ്വ ജ്ഞാനമാണ്. ഭഗവാൻ ത്രികാലദർശിയാണ്. ആദി, മദ്ധ്യ, അന്ത്യം അറിഞ്ഞവനാണ്. ജനന, മരണ ചക്രത്തെ അറിയുന്ന ഒരേയൊരു ഭഗവാൻ ത്രികാലദർശിയായതിനാൽ അത്ഭുതം, അയ്യോഭാവം, ആകാംഷ ഇതൊന്നും ഭഗവാനെ സ്പർശിക്കുന്നില്ല. സംഭവിച്ചതെല്ലാം നല്ലതിനാണ്. സംഭവിക്കുന്നതും നല്ലതിനു തന്നെ. ഭഗവാന് എല്ലാം അറിയാം. ഭഗവാൻ എപ്പോഴും ഏകരസാവസ്ഥയിലായിരിക്കും.
  • പരമേശ്വരൻ സ്നേഹക്കടലാണെന്ന് സ്മരിക്കുമ്പോൾ അത് പിതൃസ്വത്താണെന്നും, അതിന്റെ അവകാശി കുട്ടിയായ ഞാനാണെന്നും, ഭഗവാന് എന്തൊക്കെയുണ്ടോ അതെല്ലാം എനിക്കുള്ളതാണെന്നും അറിയണം. ഓരോ പ്രവൃത്തിയും മാധവസ്നേഹമായി മാറണം. ധ്യാനം പരിശീലിക്കുമ്പോൾ ഈശ്വരീയശക്തി സ്വയം അനുഭവപ്പെടും. ആരോട് ഇടപഴകുമ്പോഴും സ്നേഹ, ശക്തി കിരണങ്ങൾ അദൃശ്യമായി നമ്മളിൽനിന്ന് പുറപ്പെടും. നമ്മുടെ കർമ്മങ്ങൾ മഹത്വമുള്ളതാവുകയും ചെയ്യും.
  • ലക്ഷാർച്ചനകളും, കോടിയർച്ചനകളും ഭഗവാനെ പ്രീതിപ്പെടുത്താനുള്ളതല്ല. ഭഗവാന് എന്തിനാണ് നമ്മുടെ പ്രീതി. അതിലൂടെയെല്ലാം നമ്മുടെ സ്വഭാവസംസ്കരണമാണ് നടക്കേണ്ടത്. മഹിമ പാടുന്നതിലൂടെയും വാഴ്ത്തുന്നതിലൂടെയും നാം സ്വയം അതിന് യോഗ്യമാകണം. പ്രീതിപ്പെടുത്തി വരം തരുന്നത് ഭഗവാന്റെ ജോലിയല്ല.
  • ശത്രുനിഗ്രഹകനുമല്ല ദൈവം. നമ്മുടെ ശത്രുവിനെ വധിക്കാൻ ദൈവത്തോട് പ്രാർത്ഥിച്ചിട്ട് ഒരു കാര്യവുമില്ല. ദൈവം വധിച്ചെന്ന് പറയുന്നതെല്ലാം ആസുരീയസ്വഭാവത്തെയാണ്. അത്തരം വധത്തിനുശേഷം നന്മയുടെ മഴയാണ് പെയ്യുക. ഹിംസയുടെ വാൾ അല്ല, ജ്ഞാനത്തിന്റെ വാൾ ആണ് ഉപയോഗിക്കുക. എന്നിലെ അഹങ്കാരത്തെയും, ദുശ്ചിന്തകളേയും, ആസുരീയസംസ്കാരത്തേയും വധിക്കുന്നു. പിന്നെ മോക്ഷമാകുന്ന സത്ഗുണഭാവം തന്ന് മൂർത്തികളാക്കുന്നു.
  • ജ്ഞാന, യോഗത്തിലൂടെയെ നമ്മിൽ പരിവർത്തനം നടക്കൂ. അച്ഛനെപ്പോലെയുള്ള അച്ഛന്റെ മക്കൾ ആ ഗുണങ്ങളാണ് കർമ്മക്ഷേത്രത്തിൽ കാണിക്കേണ്ടത്. രാജയോഗത്തിന്റെ പരമമായ ലക്ഷ്യം നാരായണപാദം പൂകലാണ്. നരനിൽനിന്ന് നാരായണനാവുക. നാരി, ശ്രീലക്ഷ്മിയാകണം. ദേവതകളിലെ ആദ്യപാദത്തിൽ വന്നവരാണ് ശ്രീനാരായണനും ശ്രീലക്ഷ്മിയും
  • നമുക്ക് സ്വയം പരിശോധിക്കാം കുറവുകളെ മാറ്റിയെടുക്കാം. കാരണം നമുക്ക് ജ്ഞാനം കിട്ടിക്കഴിഞ്ഞു. ഈശ്വരീയ അറിവുകളും ഗുണങ്ങളും നമുക്കുള്ളതാണ്. മുപ്പത്തിമുക്കോടി ദേവതകൾ വാണ നാടാണിത്. ശ്രീനാരായണനെയും ശ്രീലക്ഷ്മിയേയും പോലെ നമുക്കും ഗുണവാന്മാരാകാം. ലക്ഷ്യമുണ്ട്. മനസ്സുണ്ടായാൽ മതി. രാജയോഗം അഭ്യസിക്കുമ്പോൾ വഴി തെളിഞ്ഞുവരുന്നത് നമുക്ക് കാണാം.

താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക

  • എനിക്ക് ഈശ്വരനോട് ചെയ്യാൻ കഴിയുന്ന നന്ദിയുടെ മറ്റൊരു രൂപമാണ് ഈശ്വര സ്മൃതിയിൽ ജീവിക്കുക എന്നത്. എൻറെ ഉള്ളിലെ സ്മൃതി ഇപ്പോൾ ഈശ്വരനെ പ്രതി എത്രമാത്രം വരുന്നുണ്ട് ?
  • മനസ്സും ബുദ്ധിയും ഈശ്വരനിൽ ഏകാഗ്രമാക്കി ഈശ്വരനെ ഓർമിക്കുന്നത് പ്രാധാന്യത്തെ ഞാൻ എത്രമാത്രം ബോധവാനാണ് ?
  • ഈശ്വരൻ എൻറെ മുൻപിൽ ഉണ്ട് എന്നതിൻറെ ദൃഷ്ടാന്തം എനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടോ ? ഓർമ്മയിൽ ഇരിക്കുമ്പോൾ ഇതിനെ എനിക്ക് അനുഭവിക്കാൻ എനിക്ക് സാധിക്കുന്നുണ്ടോ ?
Scroll to Top