Day 22

  • എത്ര ഈശ്വരനുണ്ട്?
  • ഓരോരോ മതങ്ങളും പറയുന്നത് വ്യത്യസ്തമായ ഈശ്വരന്മാരെക്കുറിച്ചാണോ?
  • ഈശ്വര നാമത്തിൽ കലാപങ്ങൾ ഉണ്ടായത് എന്തുകൊണ്ട് ?
  • ഇന്ന് ഈ വിഷയങ്ങളാണ് നാം പഠിക്കുന്നത്

 

  • ലോകത്തുള്ള മതങ്ങൾ , ദർശനങ്ങൾ എല്ലാം പറയുന്നത് ഈശ്വരൻ ഒന്നാണെന്നാണ്. അവരവരുടെ ഭാഗത്ത്നിന്ന് ഇതാണ് ഇതാണ് എന്ന് പറയുന്നു. പല മതങ്ങളെപ്പോലെത്തന്നെ അപ്പോൾ ദൈവവും പലതാവുന്നു.
  • ആത്മാവ്, പരമാത്മാവിൽ ഏകാഗ്രമാകണമെങ്കിൽ, ആ ഏകത്തെ അറിഞ്ഞിരിക്കണം. രാജയോഗ ധ്യാനമാർഗ്ഗത്തിലൂടെ ആ ഏകത്തെ അറിയുക മാത്രമല്ല ബന്ധുത്വവും അറിഞ്ഞ് സ്ഥാപിക്കുകയും ചെയ്യുന്നു. ആദ്യം ഏകദൈവവിശ്വാസം ലോകത്തെ പഠിപ്പിച്ചത് ഭാരതമാണ്. സത്യം ഒന്നേയുള്ളുവെന്നും, ഏകമാണെന്നും, ആ സത്യത്തെ പണ്ഡിതരും, ദാർശനികരും പല തരത്തിൽ വ്യാഖ്യാനിച്ചുവെന്നേയുള്ളുവെന്നും ഭാരതീയർ തിരിച്ചറിഞ്ഞിരുന്നു.
  • എല്ലാ മതങ്ങളും ഏകത്തെ അംഗീകരിച്ചെങ്കിൽ കൂടെ, ആ ഒന്നിനെ പ്രതി ലോകത്ത് യുദ്ധവും കലാപവും ഉണ്ടായി. ഇവിടെ സൂര്യൻ്റെ ഉദാഹരണം പ്രസക്തമാണ്. ഉണക്കാനും പൊടിക്കാനുമായി സൂര്യരശ്മി ഉപയോഗിക്കുമ്പോൾ തന്നെ, പ്രളയവും കാറ്റും ഉണ്ടാവാനും സൂര്യൻ കാരണമാകുന്നു. ജീവന്റെ നാമ്പിന് സൂര്യൻ കാരണമാവുമ്പോൾ, മൃത്യുവിന്റെ വ്യസനത്തിനും സൂര്യൻ തന്നെ കാരണമാകുന്നു. സൂര്യൻ ഒന്നാണെങ്കിലും സൂര്യനെക്കുറിച്ചുള്ള ഇത്തരം കാഴ്ച്ചപ്പാടിൽ വ്യത്യാസമുണ്ട്.
  • ഈശ്വരൻ ഏകം, ഏകേശ്വരൻ ആണെന്ന് പറയുമ്പോഴും, വ്യത്യസ്ത അഭിപ്രായം ഉരുത്തിരിയുന്നത് ഈശ്വരൻ പ്രത്യക്ഷമല്ലാത്തതിനാലാണ്. നമ്മുടെ അളവുകോൽ അതിന് മതിയാവില്ല. ഈശ്വരനെ അളക്കാനുള്ള സ്കെയിൽ നമുക്ക് ലഭ്യമല്ല. അളക്കാതെയും, കാണാതെയും തന്നെ ഈശ്വരനെ നമുക്കനുഭവിക്കാം. അതിനുള്ള ഏകമാർഗ്ഗം ധ്യാനമാണ്. രാജയോഗധ്യാനമാർഗ്ഗത്തിൽ , ഞാൻ ആത്മാവാണെന്നറിഞ്ഞ്, ഏകേശ്വരനായ പരമാത്മാവിനെ അറിഞ്ഞ് അനുഭവിക്കാൻ പഠിപ്പിക്കുന്നു.
  • ഈശ്വരനെക്കുറിച്ച് യഥാർത്ഥ അഭിപ്രായം പറയാൻ ഈശ്വരനു മാത്രമേ കഴിയൂ. മഹത്തുക്കൾ അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ടാകാം. പക്ഷേ ഈശ്വരനെക്കുറിച്ച് ഈശ്വരൻ പറയുന്ന ഏകഗ്രന്ഥം ഭഗവത് ഗീതയാണ്. ഭഗവാൻ പറയുന്നു : ഞാൻ നിരാകാരനാണ്. അജന്മാവാണ്. അകർത്താവാണ്. അഭോക്താവാണ്. ഭഗവാൻ ഉവാച:യാണ് ഗീത. അതിന് ഭഗവാൻ സ്വയം പരിചയപ്പെടുത്തുകയാണ്.
  • ഭഗവാൻ്റെ രൂപഭാവത്തെക്കുറിച്ചും പറയുന്നു. സത്യം, ശിവം, സുന്ദരം… സച്ചിദാനന്ദസ്വരൂപം! സത്യമായത്. നിത്യമായത്. അതിനാൽ അവിനാശി. നാശമില്ലാത്തത്. ജനനമരണചക്രത്തിൽ വരാത്തതിനാൽ അജന്മാവ്. അതിനാൽ ശരീരമില്ല. നിരാകാരൻ . കര്മ്മത്തിൽ ഫലം ഇച്ഛിക്കാത്തവനും എടുക്കാത്തവനുമായതിനാൽ അകർത്താവ്, കൊടുക്കുന്നവൻ, ഒന്നും സ്വീകരിക്കാത്തവൻ, അഭോക്താവ്. ശിവം അർത്ഥം മംഗളകാരി. സർവ്വർക്കും മംഗളം തരുന്നയാൾ. വിശ്വമംഗളകാരി. അതിനാൽ സത്യം, ശിവം, സുന്ദരം ഇങ്ങനെയെല്ലാം ഈശ്വരനെക്കുറിച്ചു മനസിലാക്കണം.
  • വരം കൊടുക്കുന്ന ദൈവമാണ്. ശപിക്കുന്ന ദൈവമല്ല. സർവ്വ ചരാചരങ്ങൾക്കും മംഗളം ചെയ്യുന്ന ഈശ്വരനെ, ശപിക്കുന്ന ദൈവമെന്ന് ഒരിക്കലും പറയാനാകില്ല. സുന്ദരമാണ് ഭഗവാൻ. ഇവിടെ നമ്മളുദ്ദേശിക്കുന്ന അർത്ഥമല്ല സൗന്ദര്യത്തിന്. ഈശ്വരനുമായി അടുക്കുന്തോറും ആ സൗന്ദര്യം വർധിച്ചുവരുന്നു. ധ്യാനാവസ്ഥയിൽ ഗുണവും, ശക്തിയും, ശാന്തിയുമൊക്കെയായി അതിനെ അനുഭവിക്കാം. സ്വന്തം പിതാവിനെ സ്നേഹപൂർവ്വം സ്മരിക്കാം. അതനുഭവിക്കാം. ഏകേശ്വരനെ ഏകാഗ്രമായി സ്മരിക്കുമ്പോൾ ആത്മാവും പരമാത്മാവുമായുള്ള ഉയർന്ന കണക്ഷൻ ഉണ്ടാവുന്നു. രാജയോഗമാർഗ്ഗത്തിൽ അതാണ് സംഭവിക്കുക.
  • ഈശ്വരനിൽനിന്ന് ശക്തി നേരിട്ട് കിട്ടുകയാണ്. ചിതറിപ്പോകുന്ന സൂര്യരശ്മികളെ ഒരു പോയിന്റിൽ ആക്കുമ്പോൾ ചൂട് വർദ്ധിക്കുന്നതു പോലെ, മനസ്സ്, ബുദ്ധി, സങ്കൽപശക്തി മൂന്നിനെയും സമന്വയിപ്പിച്ച് ആത്മചിന്തനത്തിന് ശ്രമിക്കുമ്പോൾ ഏകാഗ്രമായൊരവസ്ഥ കൈവരും. ചിതറിക്കിടക്കുന്ന വിചാരങ്ങൾ ഏകാഗ്രമാക്കുമ്പോൾ സങ്കൽപശക്തി വർദ്ധിക്കും. സർവ്വശക്തന്റെ കറന്റ് നമ്മിലേക്ക് ഒഴുകിത്തുടങ്ങും. ജന്മാന്തരപാപങ്ങൾ, വൈകല്യങ്ങൾ, കർമ്മക്കണക്കുകൾ മെല്ലെമെല്ലെ ഉരുകിത്തുടങ്ങും. ശക്തി, അപാരമാവുകയും അത് ഫീൽ ചെയ്യുകയും ചെയ്യും.
  • ഇന്ന് മുതൽ ഏകേശ്വരനിലേക്ക് മനസ്സിനെ കൊണ്ടുപോകൂ. സൈലൻസിലിരുന്ന് പരമാത്മാചിന്തനം ചെയ്യൂ. സന്തോഷത്തിന്റെ കണ്ണുനീർ ധാരധാരയായി വരട്ടെ. ഭാരം ഒന്നൊന്നായി പോകും. ഇവിടെയെത്തിച്ച ഭഗവാനെ, അച്ഛനെ, നന്ദിയോടെ വീണ്ടും വീണ്ടും ഓർക്കൂ. നിങ്ങളുടെ ജീവിതം ധന്യമാകുന്നതുപോലെതന്നെ, കർമ്മങ്ങൾ പെർഫെക്ഷൻ കൈവരുന്നതും നിങ്ങൾ കാണും.

താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക

  • മനസ്സ് ഈശ്വരനിലേക്ക് ഏകാഗ്രം ആകുമ്പോൾ അലച്ചിലും ഇല്ലാതാകുന്നു . കർമ്മയോഗി ജീവിതം എളുപ്പമാകും . വേണ്ടതെല്ലാം ഭഗവാനിൽ നിന്ന് തന്നെ പ്രസാദമായി ലഭിക്കും സാക്ഷിയായി നോക്കു…. സന്തോഷം തന്റെ തന്നെ ഉള്ളിൽ തന്നെ അലതല്ലും,. ഇങ്ങനെയുള്ള ഭഗവാനെ എൻറെ മനസ്സുകൊണ്ട് എനിക്ക്അംഗീകരിക്കാൻ കഴിഞ്ഞുവോ?
  • ഏകേശ്വരൻ മുക്തേശ്വരൻ അഭോക്താവ്വ് സദാ മംഗളകാരിയായ ശിവപരമാത്മാവിനെ ഞാൻ എത്രമാത്രം മനസ്സിലാക്കി? അനുഭവിച്ചു ?
  • എൻറെ മനസ്സിൻറെ അലച്ചിൽ നിന്നുവോ ?
Scroll to Top