ഈശ്വരനുമായി എനിക്ക് അനശ്വരമായ എന്ത് ബന്ധുത്വമാണുള്ളത് ?
എങ്ങനെയാണ് ആ ബന്ധുത്വം നാം ബലപ്പെടുത്തുക?
വരൂ നമുക്കീ വിഷയങ്ങൾ ഇന്ന് പഠിക്കാം
ജ്ഞാനം യോഗമാവുമ്പോൾ ശാന്തി കിട്ടിത്തുടങ്ങും. അതിന് ഏകാഗ്രത ആവശ്യമാണ്. ആത്മാവും, പരമാത്മാവും തമ്മിലുള്ള കണക്ഷനാണ് രാജയോഗം. ബന്ധം നിലനിൽക്കണമെങ്കിൽ, ബന്ധം സ്ഥാപിക്കുന്നത് ആരോടാണെന്നും, ബന്ധം എങ്ങിനെയുള്ളതാണെന്നും അറിഞ്ഞിരിക്കണം. രൂപം, ഭാവം, സ്ഥലം, കർത്തവ്യം – എല്ലാം നമുക്കറിയണം. എങ്കിലേ ആ ബന്ധത്തിന് ദൃഢതയും തുടർച്ചയുമുണ്ടാകൂ.
ഞാൻ ആരാണ്? ഞാനും ഈശ്വരനും തമ്മിൽ എന്താണ് ബന്ധം? മാനവരാശികളുടെ മുന്നിൽ ഈ ചോദ്യം എന്നും ഉണ്ടായിരുന്നു. പലരും പല ഉത്തരങ്ങളാണ് കണ്ടെത്തിയത്. ഭിന്നഭിന്ന വീക്ഷണങ്ങളും വിലയിരുത്തലുകളും. വിവിധ ചിന്താസരണികൾ , സിദ്ധാന്തങ്ങൾ.
നമുക്ക് സ്വയം ചോദിക്കാം. എനിക്ക് ഈശ്വരനുമായുള്ള അനുഭവം എന്താണ്? അതിനാണ് മഹത്വം. മറ്റുള്ളവർ പറയുന്നതല്ല, എൻ്റെ അനുഭവമാണ് എനിക്ക് വലുത്. ആത്യന്തികവും അതുതന്നെ.
ഈശ്വരൻ ജീവിച്ച് കടന്നുപോയ ഒരു വ്യക്തിയല്ല എന്നും, ഇന്നും ഇനിയും എനിക്ക് തുണയാവേണ്ട ഒരു ചൈതന്യശക്തിയാണ് ഈശ്വരനെന്നും എപ്പോഴും എന്റെ കൂടെ ഉണ്ടാവേണ്ട, എനിക്കാശ്രയിക്കാവുന്ന എൻ്റെ ബന്ധുവാണെന്നും അറിയണം .
ശാസ്ത്രത്തിന്റെ തുടക്കം എല്ലാംതന്നെ ഭാവനയിൽ നിന്നാണ്. രാജയോഗധ്യാനത്തിൽ ഈശ്വരനെ അറിഞ്ഞ് അനുഭവിക്കുകയാണ്. അറിവും, അനുഭൂതിയും കൂടിച്ചേരുന്നതാണ് ജ്ഞാനമാർഗ്ഗം. മനസ്സും മസ്തിഷ്കവും രണ്ടിന്റേയും സംയോജനം അവിടെ സംഭവിക്കുന്നു.
സർവ്വധർമ്മങ്ങളിലും മാതാപിതാബന്ധമാണ് ഈശ്വരനുമായിട്ടുള്ളത്. ഹൈന്ദവവിശ്വാസത്തിലും ഈശ്വരനുമായി മാതാപിതാബന്ധമാണ്. സർവ്വബന്ധുത്വം. മാതാപിതാക്കളുമായി ഒരു കണ്ടീഷനുമില്ലാത്ത പരമസത്യമായ ബന്ധം. ആത്മസ്മൃതിയിലിരുന്ന് പരമാത്മാവിനെ ഓർമ്മിക്കൽ.
ഇവിടെയുള്ള ബന്ധുത്വത്തിൽനിന്ന് കിട്ടാത്തത് ഈശ്വരനുമായുള്ള ബന്ധത്തിൽനിന്ന് കിട്ടുന്നത്. പിതൃസ്വത്ത് അനുഭവിക്കലാണത്. ഭഗവാനിൽനിന്ന് കിട്ടുന്ന സ്വത്ത് ശാന്തിയാണ്. ആ ശാന്തി അനുഭവിക്കാൻ നമ്മൾ കുട്ടിയാകണം. അച്ഛന്റെ സ്വത്ത് കുട്ടിക്കുള്ളതാണ്. ഈശ്വരസന്താനമാണെന്നറിയുമ്പോൾ അവകാശബോധത്തോടൊപ്പം സമർപ്പണവും സംഭവിക്കുന്നു. യോഗത്തിൽ ഈശ്വരീയശക്തികൾ പിതൃസ്വത്തായി ലഭിക്കുന്നു.
ഇന്നുമുതൽ, യോഗം ചെയ്യുന്ന സമയത്ത് ഈശ്വരനെ മാതാപിതാവായി കരുതണം. ആത്മബോധത്തിലാണല്ലോ ഇതുവരെ ഇരുന്നത്. പരമാത്മാ അച്ഛനും അമ്മയുമാണ്. എന്റെ സ്വന്തം ബാബ. ആ ഒരു വാക്കിൽ അവരൊരുമിച്ചുണ്ട്. \\\’ബാബ\\\’!
അച്ഛനെ ഭയക്കേണ്ടതില്ല. അച്ഛൻ ശിക്ഷിക്കുന്ന പിതാവല്ല. അതിരാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ അച്ഛനോട് സംസാരിച്ചു തുടങ്ങുക. ആ സാമീപ്യം നിങ്ങൾക്കരികെ ഉണ്ടാകും. ദിവസം മുഴുവൻ അത് തുടരണം. എന്തുചെയ്യുമ്പോഴും അച്ഛനോട് പറയൂ. ഞാൻ ഒറ്റക്കല്ല. തുണയായി അച്ഛനുണ്ട്. ജീവിത ഭാരം ഒറ്റക്ക് ചുമക്കേണ്ടതില്ല.
ഹൃദയബന്ധം വെക്കാൻ തോന്നുന്ന ഏതു ബന്ധുരൂപത്തിലും ഈശ്വരനെ കാണാം. എന്നിട്ട് കർമ്മം ചെയ്യൂ. നമ്മുടെ കൂടെത്തന്നെ, നമ്മളെ അറിയുന്ന ഒരാൾ ഉണ്ടെന്നറിയുമ്പോൾ – അതൊരു ആശ്വാസം, ആനന്ദം, ആത്മധൈര്യം നല്കുകയില്ലേ?
താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക
എൻറെ മനസ്സ് ഇപ്പോൾ പൂർണ്ണമായും പരമാത്മാവിൽ സർവ്വ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ സമർപ്പിക്കാൻ സാധിക്കുന്നുണ്ടോ ?
ഇത്രയും കാലം ഈശ്വരനെ അന്വേഷിച്ച് നടന്ന എനിക്ക് സത്യമായ ഈശ്വരനെ ലഭിച്ചു കഴിഞ്ഞു എന്ന് എൻറെ മനസ്സ് പറയുന്നുണ്ടോ ?
സർവ്വ ധർമ്മങ്ങളും പറയുന്ന ഈശ്വരനെ എനിക്കിപ്പോൾ പൂർണമായും അനുഭവിക്കുവാനും മനസ്സിലാക്കുവാനും കഴിയുന്നുണ്ടോ ?
ഈശ്വരനെ എനിക്ക് ലഭിച്ചു കഴിഞ്ഞു എന്ന തോന്നൽ എന്റെ ഉള്ളിൽ എവിടെയെങ്കിലും തോന്നി തുടങ്ങിയോ?