പ്രപഞ്ചത്തിൽ സ്വാഭാവികമായി നടക്കുന്ന കർമ്മത്തിന്റെ ബാങ്കും കർമ്മത്തിന്റെ കോടതിയും എപ്രകാരമാണ് പ്രവർത്തിക്കുന്നത് ?
കർമ്മഫലം നമ്മളെ എത്രദൂരം, എത്രകാലം പിന്തുടരും?
ഇത്തരം കർമ്മ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന പഠനമാണിന്ന്.
നമ്മുടെ ചെറുതും വലുതുമായ കർമ്മങ്ങൾ തന്നെയാണ് കാണാമറയത്തുനിന്ന് വിധിഫലമായി ജീവിതത്തിലേക്ക് തിരിച്ച് വരുന്നതെന്നറിയുമ്പോൾ അത്ഭുതപ്പെടേണ്ടതില്ല. കർമ്മരഹസ്യമാണിത്.
എനിക്ക് മാത്രം ഇങ്ങിനെയൊരു തലവിധി? ഒന്നിന് പിന്നാലെ ഒന്നായി എനിക്ക് മാത്രം എന്ന് ചിന്തിക്കാറുണ്ടോ? വിധി ഉണ്ടാകുന്നത് സ്വന്തം കർമ്മത്തിൽ നിന്നാണ്. പ്രപഞ്ചനിയമമോ, ജീവിതനിയമമോ ലംഘിക്കപ്പെടുമ്പോൾ അതിൻ്റെ ഫലം കഷ്ടങ്ങളും, ദു:ഖങ്ങളും, ദുരിതങ്ങളും ആയിരിക്കും.
പ്രപഞ്ചത്തിനു ഒരു കോടതിയുണ്ട്. ഒരു വികർമ്മത്തിനുശേഷം അതിൻ്റെ ശിക്ഷക്ക് മുമ്പ് മരിച്ചാലും ആത്മാവിനോടൊപ്പം ആ കേസ് സഞ്ചരിക്കുകയും അടുത്ത ജന്മത്തിൽ ഫലം അനുഭവിക്കുകയും ചെയ്യേണ്ടി വരും.കാരണം ആത്മാവിൽ എല്ലാം റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നു.
ആത്മാവ് പോകുമ്പോൾ സഞ്ചിതകർമ്മങ്ങളുടെ ഒരു ഭാണ്ഡകെട്ടുണ്ടാകും. ആ ഭാണ്ഡം നല്ല ഭാണ്ഡമാക്കാനാണ് സത്കർമ്മങ്ങൾ ചെയ്യുന്നത്. ഓരോ കർമ്മവും രണ്ട് തരത്തിൽ ഫലമുണ്ടാക്കും. പ്ലസ്സും, മൈനസ്സും. ബൂമറാങ്ങ് പോലെ കറങ്ങിത്തിരിഞ്ഞ് നമ്മളിലേക്ക് വരും. ഫലം നമുക്കനുഭവിച്ചേ മതിയാകൂ. സത്കർമ്മങ്ങൾക്ക് അതിന്റെ ഫലം കിട്ടും.
ആരും അറിഞ്ഞിട്ടില്ലെങ്കിലും കണ്ടിട്ടില്ലെങ്കിലും ദുഷ്കർമ്മങ്ങൾക്ക് അതിന്റെ ഫലവും കിട്ടും. ഒരു ക്രോധി, തന്റെ കോപ പ്രകടനത്തിലൂടെ സ്വയം ശിക്ഷിക്കുകയാണ്. ദേഷ്യത്തിന്റെ ഫലമുണ്ടാകുന്ന എല്ലാറ്റിനും അയാൾ കാരണമാവുകയാണ്. അതൊരു സ്വയം ശിക്ഷയായി മാറുന്നു.
മറ്റൊരു കർമ്മ നീതിയാണ് വിതച്ചതിന്റെ ഇരട്ടി കൊയ്തെടുക്കുവാൻ കഴിയുന്ന രീതിയാണുള്ളത്. ശ്രേഷ്ഠകർമ്മങ്ങളുടെ വർണ്ണാഭമായ ഫലങ്ങൾ അനേകവർഷങ്ങൾക്ക് ശേഷവും കാണപ്പെടും. ഒരു തെങ്ങിലെ തേങ്ങ പോലെ !
ശ്രീരാമകൃഷ്ണമിഷൻ സ്ഥാപിച്ചത് വിവേകാനന്ദസ്വാമികളാണ്. അനേകം പേർ അതിൻ്റെ നന്മ അനുഭവിക്കുന്നുണ്ട്. എത്രയോ സേവനപ്രവർത്തനങ്ങൾ നടക്കുന്നു. നൂറ്റാണ്ടുകൾക്ക് ശേഷവും സ്വാമി സ്ഥാപിച്ച ആ നന്മ മരത്തിന്റെ ഫലസമൃദ്ധി അവരുടെ ആത്മാവിലെ അക്കൗണ്ടിലേക്കായിരിക്കും വന്നു ചേരുക.
വികർമ്മത്തിന്റെയും സ്ഥിതി ഇതുതന്നെ. ഒരു ഭാകരവാദ തലവൻ്റെ വിധിയും ഇതുപോലെതന്നെ. തലവൻ മരിച്ചാലും അവരുടെ സംഘം നിലനിൽക്കും. ഇപ്പോഴും ആ വ്യക്തിയുടെ അനുയായികൾ ഇവിടെ ചെയ്യുന്ന പാപങ്ങളുടെ ഫലം അയാൾ എവിടെ ചെന്ന് ജനിച്ചാലും അവിടെ അനുഭവിക്കുന്നു.
കർമ്മ ഫലത്തിൽ നിന്ന് രക്ഷയില്ല. ഗീതയിൽ ഭഗവാൻ പറഞ്ഞിട്ടുണ്ട്: കർമ്മത്തിലാണ് നിനക്കധികാരം. കർമ്മഫലം അനുഭവിക്കുകയേ നിവൃത്തിയുള്ളു. കർമ്മം നമുക്ക് തിരഞ്ഞെടുക്കാം. എന്നാൽ കർമ്മഫലം തീരുമാനിക്കുന്നത് നമ്മളല്ല.
ഇതിനർത്ഥം കർമ്മ നിയമത്തെപ്പറ്റി ചിന്തിച്ച് ആകുലപ്പെടേണ്ടതില്ല, ചെയ്തുപോയല്ലോ എന്നോര്ത്ത് കരയാനുള്ളതുമല്ല.നാളത്തെ നമ്മുടെ വിധി \\\”ഇന്ന്\\\” നമ്മുടെ കർമ്മമായി സ്വന്തം കൈവശമുണ്ടെന്ന് അറിയുകയാണ് നമ്മൾ ചെയ്യേണ്ടത്. കഴിഞ്ഞതിൽ വ്യസനിച്ചിരുന്നിട്ട് കാര്യമില്ല. ഇന്നെനിക്ക് സത്കർമ്മങ്ങൾ ചെയ്ത് ഫലമെടുക്കാം.
ഇന്നത്തെ എന്റെ ചിന്തനം, വാക്ക്, പ്രവൃത്തി, പെരുമാറ്റം, മനോഭാവം എല്ലാം എന്റെ കൈയ്യിലാണ്. ഇതിനെയെല്ലാം ഏറ്റവും നന്നായി, ഉന്നതാവസ്ഥയിൽ തന്നെ ഉപയോഗിക്കാൻ എനിക്കാവും. കാലത്തിൻ്റെ കർമ്മബങ്കിൽ അത് ഡെപ്പോസിറ്റാവും.
ഓരോ ദിവസവും രാവിലെ എണീറ്റ് കർമ്മക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ ഓർക്കണം. ഇന്നെനിക്ക് കർമ്മബാങ്കിൽ എത്ര ഡെപ്പോസിറ്റ് ചെയ്യാനാകും. ജീവിതയാത്രയിൽ ഓർക്കേണ്ടത് – കർമ്മം ഒരു ചങ്ങലയാണ്.നമ്മുടെ ഇപ്പോഴത്തെ കർമ്മങ്ങൾ അതിലെ ഒരു കണ്ണി മാത്രമാണ്. എന്നാൽ ഈ കർമ്മത്തിന് മുഴുവൻ കർമ്മ ചങ്ങലയിലേക്കും സ്വാധീനമുണ്ട്. ഈ ചങ്ങലയെക്കുറിച്ചറിയുമ്പോൾ ഓരോ കർമ്മത്തിനുമുമ്പും നമ്മളൊന്ന് ചിന്തിക്കും. ഇത് ഡെപ്പോസിറ്റാകുമോ, അതോ കടമായി മാറുമോ?
താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക
എനിക്ക് മാത്രം എന്താണ് ഇങ്ങനെ എന്ന് സ്വയം പഴിച്ചു ജീവിക്കാൻ ചിലർ വിധിക്കപ്പെടുന്നത് എന്തുകൊണ്ട്?
കർമ്മത്തിൻ്റെ സഹജവും ഗൂഢവും ആയ രീതികൾ ഏതെല്ലാമാണ് ?
ഈ ശ്രേഷ്ഠമായ സമയത്തെ എൻറെ തന്നെ ജാതകത്തെ മാറ്റുവാൻ, എൻറെ തന്നെ അനേകം ജന്മങ്ങളിലെ പാപഭാരത്തെ മാറ്റുവാൻ ഈ ശ്രേഷ്ഠമായ വഴി തെരഞ്ഞെടുക്കുവാൻ, ഈ വഴിയിലൂടെ സഞ്ചരിക്കുവാൻ എനിക്ക് കഴിയുമോ ?
രണ്ടു വഴികൾ ആണ് എൻറെ മുമ്പിൽ ഉള്ളത്. ഒന്ന് ഇനിയും പാപഭാരങ്ങൾ കൂട്ടി അനേക ജന്മങ്ങൾ പാപഫലം കഴിക്കുക.
രണ്ട് ഇതുവരെ ചെയ്ത പാപഭാരങ്ങൾ ഉൾപെടെയുള്ള പാപഭാരത്തെ ഇല്ലായ്മ ചെയ്യുവാൻ ഈശ്വരൻ സ്മൃതിയിൽ ശിഷ്ടജീവിതം കർമ്മയോഗിയായി ഈശ്വരൻ്റെ മടിത്തട്ടിൽ ജീവിക്കുക ഏത് തെരഞ്ഞെടുക്കണമെന്ന ഞാനാണ് തീരുമാനിക്കുന്നത്
എൻറെ മനസ്സ് ഇപ്പോൾ എന്താണ് പറയുന്നത് രക്ഷപ്പെടുവാനുള്ള മാർഗം……എനിക്ക് ഏത് മാർഗ്ഗം സ്വീകരിക്കണം?