ഒരാളുടെ സംസ്കാരം ഉരുത്തിരിയുന്നത് ഏതെല്ലാം വിധത്തിലാണ്?
ഓരോരോ സംസ്കാരങ്ങളും എങ്ങനെയെല്ലാമാണ് നമ്മളിൽ സ്വാധീനിക്കുന്നത്?
നിഷേധാത്മക സ്വഭാവ സംസ്കാരങ്ങളെ എങ്ങനെ മാറ്റിയെടുക്കാം?
ഈ വിഷയങ്ങൾ നമുക്കിന്നു അപഗ്രഥിച്ചു പഠിക്കാം.
നമ്മുടെ സംസ്കാരങ്ങളെ 5 വിഭജനരീതിയിൽ ഇവിടെ അപഗ്രന്ഥിക്കപ്പെടുന്നു. അതിലൂടെ നമ്മുടെ മൂല അവസ്ഥയെ അറിയുകയും ചെയ്യുന്നു.
സംസ്കാരങ്ങൾ അഞ്ചു വിധമാണുള്ളത്. 1. ജനികതസംസ്കാരം. 2. സഞ്ചിതസംസ്കാരം. 3. ആർജ്ജിതസംസ്കാരം. 4. ഇച്ഛാശക്തിസംസ്കാരം 5. നിജസംസ്കാരം.
ജനിതകസംസ്കാരത്തിലൂടെ രൂപം, ഭാവം, ശീലം രൂപപ്പെടുന്നു. മാതാപിതാക്കളുടെ ജനിതകത്തിൽ നിന്നും നമ്മുടെ ജനിതക ഘടനയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതാണിത്.
നമ്മൾ ഇവിടേയ്ക്ക് വരുമ്പോൾ , സഞ്ചിയിലാക്കി കൊണ്ടുവന്നതാണ് സഞ്ചിതസംസ്കാരം. ആത്മാവ് കൊണ്ടുവന്നത്. തലക്കുറിയായും ജന്മവാസനയായും ഇതിനെ പറയാം.
ആർജ്ജിതസംസ്കാരം, പരിതസ്ഥിതിക്കനുസരിച്ച് രൂപപ്പെടുന്നതാണ്. സാഹചര്യങ്ങളുടെ സമ്മർദ്ദവും ഇതിലുൾപ്പെടുന്നു. നല്ലതും, മോശമായതും ഇങ്ങനെ രൂപപ്പെടുന്നു. എന്നാൽ കുപ്പതൊട്ടിയിലെ മാണിക്യം പോലെയുള്ളവരും ഇവിടെയുണ്ടാവും. അത് സഞ്ചിതസംസ്കാരത്തിന്റെ പ്രഭാവമാണ്.
ഇച്ഛാശക്തികൊണ്ട് വിപരീതസാഹചര്യങ്ങളേയും അനുകൂലമാക്കാം. അംഗപരിമിതരുടെ ചില ജീവിതവിജയ കഥകൾ ഇതിനു ഉദാഹരണമാണ് . തീവ്രമായ ഇച്ഛാശക്തിക്കുമുന്നിൽ അത്ഭുതകരമായി പരിവർത്തനപ്പെട്ട വ്യക്തികളെ നമുക്കിടയിൽ തന്നെ കാണാനും കഴിയും.
ആത്മാവിൻ്റെ സ്വതസിദ്ധമായ വിശേഷതയാണ് നമ്മുടെ നിജസംസ്കാരം. ആത്മാവിൻ്റെ നിജസംസ്കാരമായ ശാന്തി, ശക്തി, പവിത്രത, സ്നേഹം, ആനന്ദം, ജ്ഞാനം, സുഖം മുതലായ ഗുണങ്ങളുടെ ശക്തി നമ്മളിൽ പ്രകടഭാവത്തിൽ കുറവാണെങ്കിൽ ഇച്ഛാശക്തിയുടെ സഹായത്താൽ വിധിപ്രകാരം ഇതെല്ലാം ഉണർത്തിയെടുത്ത് അനുഭവിക്കാൻ കഴിയുന്നു.
ഒരു ചീത്ത സംസ്കാരസ്വഭാവത്തെ മാറ്റിയെടുക്കണമെങ്കിൽ നിജസംസ്കാരത്തെ അറിഞ്ഞ് ഇച്ഛാശക്തിയുടെ സഹായത്താൽ അതിന് ശ്രമിക്കണം. തൻ്റെ ഉള്ളിലുള്ള സുഷുപ്തമായ സതോഗുണീസംസ്കാരത്തെ അറിയുകയും അതനുഭവിക്കുകയും ചെയ്യുകയാണ് ഇതിനുള്ള ആദ്യ ചുവട്.
സ്വഭാവസംസ്കാരത്തിന്, പരിവർത്തനപ്പെടാൻ ഒരു എളുപ്പ വഴി കണ്ടെത്തണം. തുടർച്ചയായ 41 ദിവസത്തെ പരിശീലനം എത്ര വലിയ കടുത്ത സംസ്കാരത്തേയും മാറ്റിയെടുക്കാൻ സഹായിക്കും.നമ്മുടെ സംസ്കാരം മാറുന്നതോടെ പല സാഹചര്യങ്ങളും, ചുറ്റുപാടും മാറിവരുന്നത് അറിയുവാൻ കഴിയും.
താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക
നമ്മുടെ സംസ്കാരങ്ങളെ സ്വാധീനിക്കുന്നത് ഏതെല്ലാം ഘടകങ്ങളാണ് അവയുടെ പ്രഭാവം കൈമാറ്റം ചെയ്യപ്പെടുന്നത് എങ്ങനെയെല്ലാമാണ് വിവരിക്കുക?
രാജയോഗത്തിൽ കൂടെ ഒരു ചീത്ത സംസ്കാരത്തെ എങ്ങനെ മാറ്റിയെടുക്കാം ?
നമ്മൾ സ്വയം മാറുകയാണെങ്കിൽ എന്തെല്ലാമാണ് സംഭവിക്കുക ഭാവനയിൽ കണ്ടെഴുതുക ?
എനിക്ക് ഇഷ്ടപ്പെടാത്ത എന്ത് മോശമായസംസ്കാരമാണ് എൻറെ ഉള്ളിൽ ഉള്ളത് ?
ആ സംസ്കാരം ഒഴിവാക്കുവാൻ രാജയോഗ ധ്യാനം സഹായിക്കുന്നു എന്നെനിക്ക് മനസ്സിലായെങ്കിൽ ഞാൻ രാജ യോഗം അഭ്യസിക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുമോ ?
ഒരു ദിവസം എത്ര സമയം സ്വന്തം സംസ്കാരങ്ങളെ പരിശോധിക്കാനും, വേണ്ട മാറ്റങ്ങൾ കൊണ്ടുവരുവാനും വേണ്ടി മാറ്റിവെക്കാൻ ഞാൻ തയ്യാറാണ് ?