ഇന്നത്തെ അധ്യായത്തിൽ അക്ഷരവിശുദ്ധിയിലൂടെ, ഭഗവാൻ്റെ സമീപത്തേക്ക് നമ്മളെ നയിക്കുന്നു. സംഗമത്തിലെ സാധനയുടെ അഗ്നിശുദ്ധി ഇത് പഠിക്കുന്ന ഓരോരോ ആത്മാക്കളിലും കാണപ്പെടുകയാണ്.
കാലചക്രത്തെക്കുറിച്ചറിഞ്ഞു. നാലു യുഗങ്ങളും അറിഞ്ഞു. അഞ്ചാമത് ഒരു യുഗം കൂടിയുണ്ട്. സംഗമയുഗം. വിശ്വഘടികാരത്തിലെ 12 മണിക്ക് അൽപ്പം മുമ്പായി സംഗമയുഗം.
പുരുഷോത്തമസംഗമയുഗം എന്നും അറിയപ്പെടുന്നു. പുരുഷൻ (ആത്മാവ്) ഉത്തമനായി മാറുന്നു. ഈ സംഗമയുഗത്തിൽ പരമാത്മാവ് ഗുപ്തരൂപത്തിൽ ആത്മാക്കളുടെ മംഗളം ചെയ്യുന്നു.
കലിയുഗത്തെക്കുറിച്ച് നമുക്കും ധാരണയുണ്ട്. കലികാലവൈഭവം എന്ന് പറയാറുണ്ട്. തെറ്റിനെ ന്യായീകരിച്ച് സംസാരിക്കുമ്പോൾ ചിലർ പറയും, കലികാലമല്ലേ……… അധർമ്മവും, അക്രമവുമായും എല്ലാവരും പൊരുത്തപ്പെട്ടുകഴിഞ്ഞു. ഇതെല്ലാം കാലത്തിന്റെ സ്വഭാവമാണെന്ന് പറഞ്ഞ് ആശ്വസിക്കാൻ പഠിച്ചു.
ചതുർ യുഗ യാത്ര കഴിഞ്ഞ് വന്ന ആത്മാക്കളിലെ അന്ധകാരം നീക്കാൻ ജ്ഞാനസൂര്യൻ തന്നെ വരികയാണ്. സ്വഭാവസംസ്കാരങ്ങളെ മാറ്റിയെടുക്കേണ്ടതുണ്ട്. ആത്മാവിൽ പ്രകൃതിയും സ്വാധീനമുണ്ടാക്കി. ശരീരബോധത്തിൽ മുങ്ങിയ മനുഷ്യർ ഏതു പാപകർമ്മത്തിനും മടിയില്ലാത്തവരായി,
പർവ്വതമുകളിലെ ജലബിന്ദു നദീതടത്തിലെ പ്രവാഹത്തിൽ വന്ന്, സർവ്വ മാലിന്യങ്ങളും കലർന്ന്, എല്ലാ വിശുദ്ധിയും നഷ്ടപ്പെട്ട്, അഴിമുഖത്ത് വന്നടിഞ്ഞ് സമുദ്രത്തിൽ ലയിക്കുന്നു. ഇനി സമുദ്രത്തിലെ മലിനജലത്തിൽ നിന്ന് സൂര്യതാപമേറ്റ് സ്വഭാവിക ശുദ്ധജലകണമായിമാറുന്നു. നീരാവിയായി മഴമേഘമായി മാറുന്നു.ഇതൊരു ചാക്രികപ്രക്രിയയാണ്, ഇതുപോലെയാണ് നമ്മൾ ആത്മാക്കളും.
ഈശ്വരൻ വന്ന് പറയുന്നു. മക്കളെ, ഞാനാകുന്ന ജ്ഞാനസൂര്യൻ വന്ന്, ജ്ഞാനാഗ്നിയാൽ , ആത്മാവിലെ മാലിന്യങ്ങളും, വിഷങ്ങളും കളയുന്നു. ഈ സംസാരസാഗരത്തിൽ ഉപേക്ഷിക്കുന്നു. ആത്മാവിനെ പഴയ സതോഗുണീ അവസ്ഥയിലാക്കി തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകുന്നു. വീണ്ടും അടുത്ത കല്പത്തിൽ ശുദ്ധജലകണികയായി പെയ്തിറങ്ങാനായി
വിശ്വത്തിലെ സർവ ആത്മാക്കളിലും ജ്ഞാനം എത്തിക്കണം. അതിനാൽ പ്രജാപിതാ ബ്രഹ്മാബാബ ഈശ്വരീയവിശ്വവിദ്യാലയം സ്ഥാപിച്ചു. ഒരു യജ്ഞത്തിന് തുടക്കം കുറിക്കലായിരുന്നു. അഗ്നികുണ്ഡവും അഗ്നിപ്രവേശവുമില്ല. ആത്മാ-പരമാത്മാ ബന്ധത്തിലൂടെ നടക്കുന്ന ശുദ്ധീകരണപ്രക്രിയയാണ്. അഗ്നികുണ്ഡത്തിനുപകരം ജ്ഞാനയോഗമാണ്. ഹോമിച്ച് കളയാനുള്ളത് സ്വന്തം അജ്ഞാനത്തെയാണ്. സ്വന്തം ബോധമണ്ഡലമാകുന്ന അഗ്നികുണ്ഡത്തിൽ, അന്ധകാരത്തിന്റേയും, അജ്ഞതയുടേയും മാലിന്യകുപ്പകളാണ്. ജ്ഞാനം കൊണ്ട് ശുദ്ധി വരുത്തി, യോഗം ചെയ്ത് പവിത്രമാകണം. ശരീരബോധത്താൽ തോന്നുന്ന സ്ത്രീപുരുഷ തോന്നലുകളും ഹോമിക്കണം. എല്ലാം തോന്നലുകൾ തന്നെ
അഞ്ചു വികാരങ്ങളേയും, ഹോമിച്ച്, പുരുഷാർത്ഥത്തിൽ അഗ്നിശുദ്ധി നേടുമ്പോൾ നരൻ നാരായണനാകും. നാരി, ലക്ഷ്മിയും. മനുഷ്യരെ ദേവതയാക്കാനാണ് പഠിപ്പിക്കുന്നത്. ഈശ്വരീയവിശ്വവിദ്യാലയം സർവ്വ മാനവർക്കും വേണ്ടിയുള്ളതാണ്. ഹോമിക്കേണ്ടതിനെയെല്ലാം ഹോമിച്ച് ദൈവീകഗുണവാന്മാരായി മനുഷ്യർ മാറണം. ദേവതാസംസ്കാരം ഉണ്ടാകണം. ആദ്യം 16 കലകളായിരുന്നു. എല്ലാം അതിൻ്റെ പൂർണ്ണ തയിൽ. ഒന്നിനും ഒരു കുറവുമില്ല. സമ്പൂർണ്ണ നിർവികാരി. മര്യാദാപുരുഷോത്തമൻ . കുലമര്യാദകളിൽ ജീവിക്കുന്നവർ. ഡബിൾ അഹിംസകർ. ശരീരത്തേയും മനസ്സിനേയും വേദനിപ്പിക്കുന്നില്ല. ആർക്കും ദുഖം കൊടുക്കുന്നില്ല. ദുഖംഎടുക്കുന്നില്ല. പെരുമാറ്റവും പ്രവൃത്തിയും കുലീനമായിരിക്കും. അതെ! മനുഷ്യൻ ദേവതയാവുകയാണ്
ദ്വാപരത്തിലെ ഏതോ ഒരു വികർമ്മാത്മാവ് ക്രോധിച്ചിരിക്കണം. ഒറ്റപ്പെട്ട ആരംഭമായിരുന്നെങ്കിലും മാനവനാകെ അതിൽ പെട്ടുപോയി. കലിയുടെ ആരംഭം ഒന്നിൽ നിന്നാണെങ്കിൽ സത്യയുഗത്തിന്റെ ആരംഭവും ഒന്നിൽ നിന്നായിരിക്കും
മനുഷ്യരുടെ മാറ്റം ബ്രഹ്മാവിൽ നിന്നാരംഭിക്കും. ബാബ തന്നെയായിരുന്നു എല്ലാറ്റിനും മാതൃകയും. ഇതുപോലെ എല്ലാവർക്കും പറ്റുമോ എന്ന് ചോദിക്കാം. പറ്റും. ആദ്യം ഞാൻ തുടങ്ങും. 12 ലക്ഷം കുടുംബങ്ങൾ. 1 ലക്ഷം സേവനത്തിലിരിക്കുന്ന ചെറുപ്പക്കാർ. ഓരോ കുടുംബത്തിലും ഹോമകുണ്ഡം. ആത്മശുദ്ധീകരണത്തിന്റെ പവിത്രത ഇവിടെയെല്ലാം നടക്കുന്നു
പരമാത്മാവ് ആത്മാക്കളെ സൃഷ്ടിക്കുകയില്ല. ആത്മാവ് അനാദിയാണ്. അവിനാശി. ഉയർന്ന ആത്മാവാണ് പരമാത്മാവ്. സൃഷ്ടികര്ത്താവും രചയിതാവും പരമാത്മാവ് തന്നെ. ഇവിടെ സൃഷ്ടി അർത്ഥം ജ്ഞാനം തന്ന്, ശുദ്ധീകരണപ്രക്രിയയിലൂടെ പുനരുദ്ധീകരിക്കപ്പെട്ട ആത്മാവ്, ആദ്യജലബിന്ദുപോലെ തന്നെ വിശുദ്ധമാണ്
നിർമ്മിക്കാത്തതുപോലെത്തന്നെ ആത്മാവ് നശിക്കുന്നുമില്ല. ആത്മാവ് ഊർജ്ജമാണ്. പരമാത്മാവും ഊർജ്ജമാണ്. പ്രകൃതി ഇവിടെയുള്ളതാണ്. എന്നെന്നും ഇതും നിലനിൽക്കുന്നു. ഭഗവാന്റെ ദിവ്യമായ കർത്തവ്യം ഗുപ്തരൂപത്തിൽ നടക്കുന്നുണ്ട്. വിശ്വഘടികാരം നോക്കി സമയത്തിന്റെ പ്രാധാന്യം നമ്മളും മനസ്സിലാക്കണം. പരിവർത്തനത്തിന് സമയമായിരിക്കുന്നു. സംഗമമാണ്. പരമാത്മാസാന്നിദ്ധ്യം ഇവിടെയുണ്ട്. ധ്യാനത്തിന്റെ സമയമാണ്