യുഗങ്ങളിലൂടെയുള്ള പര്യടനം – ആ പര്യടനത്തിലൂടെയുള്ള ശക്തിക്ഷയവും അപചയവും, അതിൻ്റെ പര്യവസാനത്തിൽ കാലം കരുതിവെച്ച, അനിവാര്യമായ ചില സംഭവങ്ങൾ പിന്നീടുള്ള സൃഷ്ടിപുനരുദ്ധാരണം…. ജ്ഞാനവഴികളിലൂടെയുള്ള യാത്ര തുടരുകയാണ് ഇന്ന്യുഗങ്ങളിലൂടെയുള്ള പര്യടനം – ആ പര്യടനത്തിലൂടെയുള്ള ശക്തിക്ഷയവും അപചയവും, അതിൻ്റെ പര്യവസാനത്തിൽ കാലം കരുതിവെച്ച, അനിവാര്യമായ ചില സംഭവങ്ങൾ പിന്നീടുള്ള സൃഷ്ടിപുനരുദ്ധാരണം…. ജ്ഞാനവഴികളിലൂടെയുള്ള യാത്ര തുടരുകയാണ് ഇന്ന്
കഴിഞ്ഞ എപ്പിസോഡിൽ കാലചക്രത്തിന്റെ അനാദിയും, അവിനാശിയുമായ, നാടകത്തെക്കുറിച്ച് പറഞ്ഞു. കാലം ചാക്രികമാണെന്നും മനസ്സിലാക്കി.
മനുഷ്യചരിത്രത്തിലെ 5 യുഗങ്ങളെപ്പറ്റി അറിയുക. ആദ്യയുഗമാണ് സത്യയുഗം. ഊർജ്ജത്തിൻ്റെ ലെവൽ ഏറ്റവും ഉയർന്നു നില്ക്കുന്നത് ഇവിടെയാണ്. ലെവൽ താഴുന്നതിനനുസരിച്ച് യുഗം മാറുന്നു. സത്യയുഗത്തിലെ ആത്മാക്കളിൽ നൈസർഗ്ഗികമായ സതോഗുണനിലവാരം നിലനിൽക്കുന്നു. അതനുസരിച്ചുള്ള ഒരു സമൂഹമാണ് ഉണ്ടായിരുന്നത്.
സത്യയുഗത്തിലെ രാജാവ് ശ്രീ നാരായണനായിരുന്നു. ശ്രീ ലക്ഷ്മി രാജ്ഞിയും. ഊർജ്ജം അതിന്റെ ഉന്നതാവസ്ഥയിൽ അവരിലാണ് കാണപ്പെട്ടത്. ഉയർന്ന ഗുണങ്ങൾ. പ്രജാഗുണങ്ങൾ ഉള്ളവർ പ്രജകളായും ഉണ്ടായിരുന്നു.
ഉച്ചനീചത്വം ഒട്ടുമേ ഉണ്ടായിരുന്നില്ല. ഗുണങ്ങൾക്കനുസരിച്ച് അനുയോജ്യമായ സ്ഥാനങ്ങൾ വഹിച്ചു. അസൂയ, അഹങ്കാരം, അങ്ങിനെയൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഭരണാധിപന് ഭരിക്കുന്നു എന്ന ഒരു തോന്നലില്ല. ഭരിക്കപ്പെടുകയാണ് എന്ന തോന്നൽ പ്രജകൾക്കുമില്ല. സുതാര്യമായ വ്യവസ്ഥിതി.
16 കലകളുണ്ടായിരുന്നു. അതും ജീവിതത്തിൻ്റെ പൂർണ്ണതക്കായിരുന്നു. എല്ലാം തന്നെ അതിന്റെ നൈസർഗ്ഗികമായ, ഉയർന്ന ഊർജ്ജമാനങ്ങളുള്ള, താളലയങ്ങളായിരുന്നു. ജനങ്ങൾ കുറവാണ്. കച്ചവടം, വിതരണം, ആവശ്യത്തിനനുസരിച്ച് മാത്രം. രോഗമില്ല. ആശുപത്രിയുമില്ല. മോഷണമില്ല, പോലീസുമില്ല. സുഖശാന്തിയുടെ രാഗേന്ദുക്കളായിരുന്നു അന്തരീക്ഷത്തിൽ.
ത്രേതായുഗത്തിൽ ഊർജ്ജ ലെവൽ അല്പം താഴ്ന്നു. സുഖശാന്തിക്ക് കുറവൊന്നുമില്ല. മാറ്റ് അൽപ്പം കുറഞ്ഞെന്ന് മാത്രം. യുഗമാറ്റത്തിന് കാരണവും അതുതന്നെ. ജന്മങ്ങൾ കഴിയുന്തോറും ആത്മാവിന് ഇന്ദ്രിയസുഖത്തിൽ ആകർഷണം തോന്നും. ശരീരത്തോട് ആഭിമുഖ്യം തോന്നും. ഇന്ദ്രിയസുഖങ്ങൾക്ക് വശംവദരാകും. പക്ഷേ അതെല്ലാം ദ്വാപരത്തിലാണ് തുടങ്ങുക. ത്രേതായുഗത്തിൽ മാറ്റ് അൽപ്പം കുറഞ്ഞെങ്കിലും ആത്മാക്കൾ പവിത്രമായിത്തന്നെ തുടർന്നു.
ദ്വാപരത്തിൽ പ്രകൃതിയുടെ 5 തത്വങ്ങൾ ആകർഷിക്കപ്പെട്ടു. ഇന്ദ്രിയസുഖങ്ങൾക്ക് പിന്നാലെ പോകാൻ തുടങ്ങി. ദു:ഖം വർധിച്ചു. \\\”ഞാൻ, നീ\\\” തുടങ്ങി. ഇക്കാലത്താണ് യുഗപുരുഷന്മാർ പിറവിയെടുക്കുക. യേശു, ബുദ്ധൻ മുതലായവർ . അവർ മനുഷ്യരുടെ ദു:ഖത്തിന് കാരണമന്വേഷിച്ചു. അവരുടെ തത്വസംഹിതകൾ ആവിഷ്കരിച്ചു. പിന്നെ പിന്നെ മാനവർ ശരീരബോധത്തിലേക്ക് അധ:പതിച്ചു. കലിയുഗത്തിൽ മൂല്യങ്ങളില്ല. അവഗുണങ്ങളേയുള്ളു. കാമ, ക്രോധങ്ങളാൽ ആത്മാവ് കറുത്തുപോയി. ദു:ഖം കൊടുക്കുന്നതിൽ ആനന്ദം കണ്ടു. മനോസുഖം ഇല്ലാതായി. ശാസ്ത്ര, സാങ്കേതിക മാർഗ്ഗങ്ങൾ അകത്ത് സന്തോഷം തന്നില്ല. നമ്മളിന്നനുഭവിക്കുന്ന ഇക്കാലം കലിയുടെ കാലമാണെന്ന് നമുക്കറിയാം.
വിശ്വഘടികാരത്തിൻ്റെ യാത്ര പൂർത്തിയാവുകയാണ്. 12 മണിയാവുകയാണ്. പ്രകൃതി ഉന്മത്തമായി. എല്ലാ താളവും തെറ്റി. നാശം പൂർണ്ണമാകുന്നു. മാറ്റം എല്ലാവരും ആഗ്രഹിക്കുന്നു. നല്ലൊരു കാലത്തെ ഉറ്റുനോക്കുന്നു. പക്ഷേ വഴിയറിഞ്ഞുകൂടാ. പ്രകാശത്തിനായി ദാഹിക്കുന്നുതാനും.
നാലു യുഗത്തിന്റേയും അവസാനം, പുതിയ കൽപ്പം ആരംഭിക്കുന്നു. ജീവിതചക്രം പൂർത്തിയാക്കി, കനത്ത ദു:ഖത്തിൽ പെട്ട മാനവൻ പരമാത്മാവ് മുക്തി നല്കാൻ സംഗമയുഗത്തിൽ വരുന്നു. 12 മണിക്ക് കുറച്ചുകൂടെ സമയം. അതാണ് സംഗമയുഗം. ജ്ഞാനസൂര്യന്റെ കിരണങ്ങളേറ്റ് മലിനമായ ആത്മാവ് ഉയർത്തപ്പെടുകയാണ്. ഇവിടെ പരമാത്മാവ് സ്വയം ഇടപെടുകയാണ്. ഈശ്വരീയകർത്തവ്യം പാലിക്കണം.
മാറേണ്ടതും മാറ്റേണ്ടതും മനുഷ്യാത്മാക്കളെയാണ്. അതിനാൽ ഒരു മനുഷ്യനിൽ ഭഗവാൻ വന്നു. ജ്ഞാനം പഠിപ്പിച്ചു. അതിലൂടെ അനേകാത്മാക്കളിലേക്ക് അത് പകർന്നുകിട്ടി. ആ ആമനുഷ്യൻ പ്രജാപിതാ ബ്രഹ്മാബാബയാണ്. ഈശ്വരീയവിശ്വവിദ്യാലയം അദ്ദേഹം സ്ഥാപിച്ചു. സ്വയം പഠിച്ചു. കുടുംബത്തെ പഠിപ്പിച്ചു. പിന്നെ ലോകം മുഴുവൻ ജ്ഞാനം വേണ്ടവർക്ക് അത് കിട്ടിത്തുടങ്ങി. അവസാനനിമിഷം വരേക്കും ബാബ സ്വപുരുഷാർത്ഥം ചെയ്തു. ആത്മബോധത്തിൽ തന്നെ കഴിഞ്ഞു. അദ്ദേഹം ആദിയോഗിയായി അറിയപ്പെട്ടു. അദ്ദേഹം ഈശ്വരീയസേവകനും, വിദ്യാർത്ഥിയുമായിരുന്നു. പരമാത്മാ ഒരു മാതൃകായോഗിയെ തയ്യാറാക്കുകയായിരുന്നു.
രാജയോഗപരിശീലനത്തിലൂടെ ആത്മബോധത്തെ ഉണർത്തി, ആദിയിൽ ഉണ്ടായിരുന്ന സതോഗുണങ്ങളെ ഓർമ്മിച്ച് അതിന്റെ നൈസർഗ്ഗിഗകതയിലേക്ക് ബാബ ഉയർത്തുകയാണ്. ബാബ ഇവിടെ അച്ഛനും, ടീച്ചറും, സദ്ഗുരുവുമാകുന്നു. ശിവപരമാത്മാവ്, ബ്രഹ്മാബാബയിലൂടെ നമ്മളെ പഠിപ്പിച്ചത് നമ്മുടെ തന്നെ ചരിത്രത്തെയാണ്. നമ്മിലെ ഔന്നത്യങ്ങൾ നമ്മൾ മറന്നുപോയി. നമ്മൾ പഠിച്ച് അനേകർക്ക് ഈ ജ്ഞാനം പകർന്നുകൊടുക്കാൻ ബാബ ഏൽപ്പിച്ചിരിക്കുന്നു. കാരണം ചുറ്റും ദുഖിതരാണ്. അവരെയെല്ലാം രക്ഷിക്കണം. സ്വപരിവർത്തനത്തിലൂടെ വിശ്വപരിവർത്തനം. ബാബ നമ്മളോട് പറഞ്ഞത് അതാണ്. സ്വപരിവർത്തനം അനേകരുടെ മാറ്റത്തിന് കാരണമാകട്ടെ.