Day 41


  • ഒരുങ്ങിയിരുന്നാൽ ഒതുക്കത്തോടെ പോകാം എന്നു പറയും. തയ്യാറായിരിക്കുന്നതിനെപ്പറ്റിയാണത്. വിളി കേൾക്കുമ്പോൾ ഒട്ടും പരിഭ്രമമോ, പരാതികളോ ഇല്ലാതെ സന്തോഷത്തോടെ യാത്ര പറയാൻ കഴിയുന്ന മനോഭാവമാണത്. അഷ്ടശക്തികളിൽ അവസാനത്തേതായ ഒതുക്കാനുള്ള ശക്തിയെക്കുറിച്ച് പറയുകയാണിവിടെ.
  • ഒതുക്കാനുള്ള ശക്തിയുടെ ചിത്രം പെട്ടിയും, കിടക്കയും ഒരുക്കിവച്ചിരിക്കുന്നതാണ്. ഒരു മുന്നറിയിപ്പാണത്. ലീവില് വരുമ്പോൾ പട്ടാളക്കാർക്ക് ഒപ്പിട്ടുകൊടുക്കണം. എപ്പോൾ വിളിച്ചാലും ഉടൻ ചെല്ലാമെന്ന് പറഞ്ഞ്. വീടുപണി കഴിഞ്ഞിട്ടില്ല, കുടുംബകാര്യം കുറച്ചുകൂടിയുണ്ട് – അങ്ങനെയൊക്കെ വിചാരിക്കാം. പക്ഷേ പറയാൻ പറ്റില്ല. ഓർഡറാണ് അതിനു മാറ്റമില്ല.
  • എല്ലാവരുടേയും ജീവിതത്തിലും ഇതൊക്കെത്തന്നെ അപ്രതീക്ഷിതമായിട്ടായിരിക്കും സംഭവിക്കുകയ ചിലപ്പോൾ ട്രാൻസ്‌ഫർ പെട്ടെന്നായിരിക്കും. ഒരു തരത്തിലുള്ള ഒരുക്കങ്ങളും നടത്തിക്കാണില്ല. പക്ഷേ പോയേ പറ്റൂ. അസ്വസ്ഥരായിട്ട് കാര്യമില്ല.
  • ട്രെയിൻ യാത്ര നോക്കൂ. ട്രെയിനിൽ കയറിയാൽ ബാഗ് തുറന്ന് എല്ലാം പുറത്തിടും. പുതപ്പ്, വിരിപ്പ്, പ്ലെയിറ്റ് അങ്ങിനെ. ദിവസങ്ങളിലെ യാത്ര കഴിഞ്ഞ് ഇറങ്ങുന്നതിനു വളരെ മുമ്പേ തയ്യാറായിരിക്കുന്നത് കാണാം. ഇറങ്ങാനുള്ള സ്റ്റേഷൻ ആകാംഷയോടെ നോക്കിയിരിക്കും. ഒതുക്കി കെട്ടി തയ്യാറായിരിക്കും. ചിലർ ഇറങ്ങും, ചിലർ കയറും. സ്ഥലം മാറ്റം, വീടു മാറ്റം. പുതിയ ബന്ധങ്ങൾ , അയൽക്കാർ, സൗഹൃദങ്ങൾ … ചലിച്ചുകൊണ്ടിരിക്കുകയാണ് ലോകം.
  • ചിലർക്ക് സ്ഥലം മാറിക്കിടന്നാൽ ഉറക്കം വരില്ല. പുതിയ അന്തരീക്ഷം പററാത്തവരുണ്ട്. മനസ്സ് മറ്റൊരു സ്ഥലത്ത് കെട്ടിയിരിക്കുന്നു. ഗൃഹാതുരത്വം മാറാനും പോകാനും തയ്യാറായിരിക്കണമെന്ന് മറക്കുന്നു. ജീവിതത്തിൽ ഒതുക്കാനും ഒരുങ്ങിയിരിക്കാനുമുള്ള ശക്തി വളരെ ആവശ്യമാണ്.
  • ചിലർ അങ്ങിനെയാണ്. എല്ലാം വലിച്ച് വാരിയിടും. ഒതുക്കിവെക്കാനറിയില്ല. മേശപ്പുറത്തും, മുറിക്കുള്ളിലും എല്ലാം തന്നെ ആ അച്ചടക്കമില്ലായ്മ കാണാം. ഒരു യുദ്ധഭൂമിപോലെ തോന്നും. ഓഫീസും, അടുക്കളയും, വീട്ടുമുറികളും കലാപരമായ ഒരു ചാരുതയോടെ ഒതുക്കിവെക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. നല്ലൊരു മനസ്സുണ്ടായാൽ മതി.
  • മനസ്സിന്റെ ഷെൽഫിലും പരത്തിവെക്കാതെ ഒതുക്കി വെക്കാന് പഠിക്കണം. ആവശ്യമില്ലാത്തവ മാറ്റാനും കളയാനും ശ്രമിക്കണം. കുപ്പകൾ മാറ്റുമ്പോഴെ അന്തരീക്ഷം ശുദ്ധമാകൂ. സ്ഥൂലസാധനങ്ങളുടെ കൂമ്പാരമല്ല, ആവശ്യത്തിനുള്ള സാധനങ്ങളുടെ സൗന്ദര്യമാണ് പ്രധാനം. സ്വയം അച്ചടക്കമാണത്. സെല്ഫ് ഡിസിപ്ലിൻ. മാനസികമായ ഒതുക്കൽ പ്രക്രിയയുടെ പേരാണ് മെഡിറ്റേഷൻ. വലിച്ച് വാരിയിടൽ ഇവിടെ അനുവദനീയമല്ല. പഴയ കാര്യങ്ങളോർത്തു വിഷമിക്കുക. ഭാവിയെക്കുറിച്ച് ആകുലപ്പെടുക. അയൽ പക്കത്തെക്കുറിച്ച് പരാതി പറയുക. ബന്ധുക്കളെക്കുറിച്ച് കുറ്റം പറയുക ഇതെല്ലാം പുറത്ത് കളയണം. ആവശ്യമില്ലാത്തതാണ്. വർത്തമാനത്തിൽ ജീവിക്കണം. ഇവിടെ നല്ലത് ചെയ്താൽ ഭാവിയും നല്ലതായിരിക്കും. മനസ്സിൽ തള്ളിവരുന്ന വിചാരങ്ങളെ ഒതുക്കിയെടുക്കണം. പോസിറ്റീവ് വിചാരങ്ങളായിരിക്കണം. നമ്മുടെ അകമനസ്സ്, വൃത്തിയും ഭംഗിയുമുള്ളതാക്കാൻ എപ്പോഴും ശ്രദ്ധിക്കണം.
  • പരിഭവങ്ങൾ , പരാതികൾ , അഭിപ്രായഭിന്നത – ഇതൊക്കെ ഉണ്ടായാലും യഥാർത്ഥ സ്നേഹം അവിടെയുണ്ടെങ്കിൽ ഒതുക്കിത്തീർക്കാം. ഒരാൾക്ക് സ്നേഹത്തോടെ മറ്റേയാളെ സമീപിക്കാം. വിദ്വേഷം, പ്രതികാരം, ശത്രുത, നെഗറ്റീവ് ചിന്തകൾ – ഇതൊന്നും തന്നെ അകത്ത് പാടില്ല. അടിച്ച് വൃത്തിയാക്കി പുറത്ത് കളയണം. അകം ശുദ്ധമാകണം. എപ്പോഴും പോകാൻ റെഡിയാണ് എന്ന് അപ്പോഴെ പറയാൻ കഴിയൂ. എപ്പോഴും എടുത്ത് ഉപയോഗിക്കാൻ പറ്റിയ നല്ല കാര്യങ്ങളാണ് മനസ്സിന്റെ ഷെല്ഫിൽ ഉചിതം.
  • ഭൂമിയിൽ നമ്മൾ അതിഥികളാണ്. ശരീരം ഗസ്റ്റ് ഹൗസാണ്. ആത്മാവ് അതിഥിയാണ്. കൂടെ കൊണ്ടുപോകാൻ കഴിയുന്നത് ശ്രേഷ്ഠകർമ്മത്തിന്റെ ഫലമായിക്കിട്ടിയ പുണ്യം മാത്രമാണ്. നമുക്ക് ചുറ്റുമുള്ളവർക്കെല്ലാം സുഖം കൊടുത്തുവേണം പോകാൻ. അതനുസരിച്ച് എന്തും ഒതുക്കാനുള്ള ശക്തി നേടണം. അതിന് ജ്ഞാനം വേണം. അഷ്ടശക്തിയുടെ വികാസം നമുക്ക് ഒരു നല്ല രാജയോഗീജീവിതം തരും. ആത്മാവായ ഞാൻ അച്ഛനായ പരമാത്മാവിനെ സ്മരിക്കുമ്പോൾ പരംപിതാവില്നിന്നും ആവശ്യത്തിന് സമയത്ത് വേണ്ടതുമായ ശക്തി എടുക്കണം. അതെടുക്കാൻ കുട്ടിക്ക് അധികാരമുണ്ട്. ഞാൻ സർവ്വശക്തിവാന്റെ കുട്ടിയാണ് എന്ന അറിവ്, നമുക്ക് സന്തോഷം നല്കും. ശക്തി നല്കും.
Scroll to Top