Day 37


  • ഇത്രയും അദ്ധ്യായങ്ങളിലൂടെ രാജയോഗജീവിതശൈലിയിൽ ജീവിക്കുമ്പോൾ അതിലൂടെ വികസിക്കുന്ന ശക്തികളെക്കുറിച്ച് പറഞ്ഞു. അതിനോടൊപ്പം ചേർത്തുപറയാനുള്ള ഒരു ശക്തിയാണ് ഉൾക്കൊള്ളാനുള്ള ശക്തി. കടലിനെ ഉദാഹരണമായെടുക്കാം. മലിനജലം, ശുദ്ധജലം, പുഴ, അരുവി, തോട്.. എല്ലാത്തിനെയും സ്വീകരിക്കുന്നു.
  • ജീവിതവും ഇതൊക്കെത്തന്നെ. അനേകതരം സംഭവങ്ങൾ സാഹചര്യങ്ങൾ , സന്ദർഭങ്ങൾ. ഇടപെടുന്നവരിൽ നല്ലവരുണ്ടാകും. ചിലർ ചീത്തയായിരിക്കാം. മിത്രങ്ങൾ, അയൽക്കാർ, ഇതെല്ലാം ചേർന്നതാണല്ലോ ജീവിതം. എല്ലാവരേയും ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. ആദ്യം അതിന് തയ്യാറാകണം. എങ്ങിനെയുള്ളവരാണെങ്കിലും ആദ്യം സ്വീകരിക്കാൻ പഠിക്കണം. അവർ എന്താണോ, എങ്ങിനെയാണോ ആ നിലക്ക് തന്നെ സ്വീകരിക്കണം.
  • ഒരാൾക്ക് രണ്ട് മക്കളുണ്ട്. വ്യത്യസ്ത സ്വഭാവമുള്ളവർ. രണ്ടാത്മാക്കളാണല്ലോ. രണ്ടുതരം റിക്കാർഡുമായി വന്നവരാണ്. കർമ്മക്കണക്കുകളുടെ ഭാണ്ഡക്കെട്ടും ഉണ്ടാകും. ഓരോ പാർട്ടാണ്. വ്യത്യസ്ത റോളുകളാണ്. അതവർ അവരുടെ രീതിയിൽ അഭിനയിക്കും. അതാണവരുടെ ശരി. എല്ലാവരുമായി ഒപ്പം പോകണമെങ്കിൽ അവരുടെ കുറവുകൾ മാത്രം കാണരുത്. എല്ലാവരേയും ഉൾക്കൊള്ളാൻ ആത്മീയ കാഴ്ച്ചപ്പാട് വേണം. അറിവ് നമ്മുടെ കാഴ്ച്ചപ്പാട് മാറ്റും. ഹൃദയവിശാലത കൂടും. പ്രപഞ്ചത്തിലെ സർവ്വതിനേയും കുഞ്ഞിന്റെ കൗതുകത്തോടും, നിഷ്കളങ്കതയൊടെയും വിശുദ്ധമായി കാണാൻ സാധിക്കും.
  • നിത്യേനയുള്ള സത്സംഗത്തിൽ പങ്കെടുക്കുമ്പോൾ ഇതൊക്കെയാണ് കൈവരുക. വിവേകമാണ് വികസിക്കുക. സ്വയം മോൾഡ് ചെയ്യാന് പഠിക്കുന്നു. വെള്ളം നിറച്ച പാത്രം പോലെ. ഏതു പാത്രത്തിലായാലും അതുപോലെ. ജ്ഞാനം അതാണ് പഠിപ്പിക്കുന്നത്. മുഴച്ചുനിൽക്കലല്ല. യോജിച്ച് പോകൽ.
  • അംഗവൈകല്യമുള്ള കുട്ടികളെപ്പോലും അവരുടെ മാതാപിതാക്കൾ ഉൾക്കൊണ്ടാണ് ജീവിക്കുന്നത്. അവരെ അതായിത്തന്നെ അംഗീകരിക്കുകയാണ്. അതനുസരിച്ചായിരിക്കും പിന്നെ അവരുടെയും ജീവിതം. അത്തരം ചുറ്റുപാടിൽ അവരിലെ ശക്തികളും ഗുണങ്ങളും ഉണരും.
  • പരീക്ഷിച്ച് നോക്കാവുന്നതേയുള്ളു ആരെയാണ് ഉൾക്കൊള്ളാൻ പറ്റാത്തത് ? മനസ്സിൽ കാണൂ ഹൃദയം വിശാലമാക്കൂ. ഇരുപുരികങ്ങൾക്കും മദ്ധ്യേ ശ്രദ്ധിക്കൂ. ഓരോ ആത്മാക്കൾ , വ്യത്യസ്ത സി.ഡി. പ്ലെയറുകൾ. ഓരോ തരം റോളുകൾ. ഡ്രാമയിലെ പാർട്ടുകൾ. മാറിമാറി വരുന്ന രംഗങ്ങൾ. എല്ലാവരും ആത്മാക്കൾ. ഞാനും ഒരാത്മാവ്. സ്നേഹത്തോടെ ഞാൻ ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. ആരുടേയും നീരസമല്ല. ആശീർവ്വാദങ്ങളാണ് ഞാൻ നേടേണ്ടത്. ഇന്നുമുതൽ അവരെയെല്ലാം അവരായിത്തന്നെ അംഗീകരിക്കും.
Scroll to Top