എന്നിങ്ങനെ ഈശ്വരനെക്കുറിച്ചുള്ള ചില സുപ്രധാന അറിവുകൾ നമുക്കിന്നു സ്വന്തമാക്കാം
രാജയോഗം, ആത്മാവും പരമാത്മാവും തമ്മിലുള്ള യോഗമാണ്. ആരെയെങ്കിലും ഓർമ്മിക്കണമെങ്കിൽ രൂപം വ്യക്തമായിരിക്കണമല്ലോ. പരമാത്മാവിനെക്കുറിച്ച് ആത്മാക്കളായ നമുക്ക് വ്യക്തമായി അറിഞ്ഞിരിക്കണം.
ഏകാത്മാവ് എന്റെ അച്ഛനും അമ്മയുമാണ്. സർവ്വ ബന്ധുവാണ്. ശരി. പക്ഷേ രൂപം? എന്റെ പിതാവിന്റെ രൂപം എന്താണ്? നിരാകാരനാണെന്ന് പറയുന്നു. അതിനർത്ഥം രൂപമില്ലെന്നാണോ? എന്താണ് ഈശ്വരന്റെ രൂപം?
ധ്യാനത്തിൽ ഇത് ഏറ്റവും പ്രധാനമാണ് ഈശ്വരന്റെ ഗുണങ്ങളും ശക്തികളും അറിഞ്ഞിരിക്കുക എന്നത്. നിരാകാരൻ അർത്ഥം ആകാരമില്ലാത്തവൻ എന്നാണ്. ക്ഷേത്രഗണിതത്തിൽ അളക്കാവുന്ന രൂപങ്ങൾ, രേഖ, ചതുരം, ത്രികോണം, വൃത്തം തുടങ്ങിയവയാണ്. നിരാകാരൻ ഈ പരിധികളിലൊന്നും ഒതുക്കാവുന്നതല്ല. പരിധിക്കുള്ളിലെ അളവുകൾ ദൈവത്തിന് ചേർന്നതല്ല.
ഈശ്വരന്റെ രൂപം അറിയാൻ എളുപ്പമാണ്. നമ്മൾ നമ്മുടെ രൂപത്തെ അറിഞ്ഞാൽ മതി. ഞാൻ ആത്മാവാണ്. ജ്യോതിയാണ്. പ്രകാശമാണ്. വെളിച്ചമാണ് ചൈതന്യമാണ്. നമ്മെപ്പോലെ നമ്മുടെ മാതാപിതാവായ ഈശ്വരനും ജ്യോതിയാണ്.
വിശ്വത്തിലെ മതങ്ങളെല്ലാം തന്നെ പരമാത്മാവിനെ ഓരോ അടയാളങ്ങൾ കൊണ്ട് ആരാധിക്കുന്നു. ഭാരതം ശിവലിംഗത്തെയാണ് ആരാധിച്ചിരുന്നത്. പ്രകാശത്തിന്റെ പ്രതീകമാണ് ജ്യോതിർലിംഗം. ദീപജ്യോതി. മഹാപ്രകാശം. പരംജ്യോതി. അതിന്റെ ഓർമ്മക്കായി സോമനാഥക്ഷേത്രം നിർമ്മിച്ചിരിക്കുന്നു. വിശ്വനാഥന്റെ ക്ഷേത്രമാണ്. വിശ്വത്തിന് മുഴുവൻ നാഥനായ, ആധാരമായ ഭഗവാൻ. ആ ഭഗവാന്റെ മക്കളാണ് നമ്മളൊക്കെ.
മറ്റു ധർമ്മങ്ങളിലും പുണ്യാളന്മാരെ തേജോമയമായാണ് കാണുന്നത്. ദർശനങ്ങൾ അങ്ങിനെ തന്നെയാണ്. യേശുദേവനും പറഞ്ഞിട്ടുള്ളത് ദൈവം വെളിച്ചമാണ് എന്നാണ്. ഇസ്ലാം ഐതിഹ്യത്തിലും ആദം വെളുത്ത പ്രകാശഗോളം കണ്ടതായി പറയുന്നു. പിന്നെ അവിടെ ക-അബ പണിതു. പിന്നീട് അബ്രഹാമിന്റെ കാലഘട്ടത്തിൽ ഏകേശ്വരക്ഷേത്രം നിർമ്മിച്ചതായി പറയുന്നു. മക്ക പട്ടണം അതിനു ചുറ്റും വളർന്നു.
പ്രകാശത്തിന്റെ ഓർമ്മ ചിഹ്നം സർവ്വ മതങ്ങളിലും ഉണ്ട്. അണ്ഡാകൃതിയിലുള്ള പ്രകാശഗോളത്തെ പല തരത്തിലും ചിഹ്നങ്ങളും, വിഗ്രഹങ്ങളുമായി ആരാധിച്ചിരുന്നു. എല്ലാവരും ആരാധിച്ചുവന്നത് പ്രകാശരൂപത്തെത്തന്നെയാണ്. ഗീതയിൽ പറയുന്നത്, എല്ലാ പ്രകാശങ്ങളുടെയും പ്രകാശത്തിന് ആധാരമായ പ്രകാശം എന്നാണ്. ഗായത്രീമന്ത്രം പറയുന്നു- മൂന്ന് ലോകത്തേയും പ്രകാശിപ്പിക്കുന്ന തേജസ്സ്. വേദം പറയുന്നു: അല്ലയോ അമരത്വത്തിന്റെ പുത്രന്മാരെ, ഞാൻ ആ പ്രകാശത്തെ സ്വന്തമാക്കിയിരിക്കുന്നു. അത് സ്വന്തമാക്കുമ്പോഴെ, നീയും മൃത്യുചക്രത്തില്നിന്ന് രക്ഷപ്പെടൂ… എന്ന്.
നമുക്കും ധ്യാനം അഭ്യസിക്കാൻ ആ പരമമായ പ്രകാശത്തിലേക്ക് പോകണം. ദൈവം പ്രകാശമാണെന്ന യാഥാർഥ്യം ബോധ്യപ്പെടണം. രാജയോഗധ്യാനത്തിൽ ഇതിന് വളരെ പ്രാധാന്യമുണ്ട്. ഭഗവാന്റെ ഈ രൂപത്തിൽ ഏകാഗ്രമാകണം. സുഗന്ധത്തിന് രൂപമില്ലെങ്കിലും പൂവിന് രൂപമുണ്ട്. സൂര്യപ്രകാശവും ഇതുപോലെത്തന്നെ. ഭഗവാന്റെ ഗുണങ്ങളായ സ്നേഹവും, ശാന്തിയും, ശക്തിയും, പവിത്രതയും, ജ്ഞാനവും, സുഖവും, ആനന്ദവും ഒക്കെ വിരിഞ്ഞു വരുന്നത് പരംപൊരുളില്നിന്നാണ്.
ധ്യാനം അഭ്യസിക്കുമ്പോൾ ആദ്യത്തെ കുറച്ചുനാൾ ദേഹത്തിൽ നിന്ന് ആത്മാവിലേക്ക് ആത്മാവിലുള്ള ആ ഏഴ് ഗുണങ്ങൾ ഒന്നൊന്നായി അനുഭവിക്കണം. പിന്നീട് സൈലൻസിലേക്ക് പോകണം. ആത്മലോകം തന്നെയാണത്. നിതാന്തവും, സമ്പൂർണ്ണവുമായ ശാന്തി സ്വധർമ്മം തന്നെ അതാണ്. ആത്മാവിന്റെ അച്ഛനായ പരമാത്മാവിനെ കാണണം. ജ്യോതിസ്വരൂപൻ ! ആത്മസ്വരൂപൻ. അതിൽ ഏകാഗ്രമാകുമ്പോൾ ബുദ്ധിക്ക് ചിത്രം കിട്ടും. അതിൽ ഏകാഗ്രമാകുമ്പോൾ അകക്കണ്ണിൽ, ആ പ്രകാശം, തേജസ്സ്, ചൈതന്യം തെളിഞ്ഞുവരും. അകത്തുള്ള അന്ധകാരം പോകും. ആന്തരികശക്തികൾ ഉണരും.
ഞാൻ ഈശ്വരന്റെ പുത്രനാണെന്നറിയുമ്പോൾ അകത്തുള്ള ശാന്തിയും, സ്നേഹവും, ശക്തിയുമെല്ലാം പിടഞ്ഞെഴുന്നേല്ക്കും. എല്ലാം കാണുമാറാകും. ബുദ്ധിയാകുന്ന കണ്ണുകളിൽ സർവ്വേശ്വരന്റെ രൂപം തെളിഞ്ഞു തെളിഞ്ഞു വരും. കറണ്ടു പോലെ അത് ഫീൽ ചെയ്യും. ഈശ്വരനുമായി അടുപ്പം വർദ്ധിക്കും. ദിവസേന ഈ കണക്ഷൻ കിട്ടുമ്പോൾ അടുപ്പം കൂടിക്കൂടി വരും. സ്നേഹം വർദ്ധിക്കും. അതെ… അപ്പോൾ നിങ്ങൾ ഈശ്വരദർശനം സിദ്ധിച്ച ഭാഗ്യവാനായ കുട്ടിയാവുകയായി.
താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക
ഞാൻ ഇപ്പോൾ ഈശ്വരൻ്റെ സന്താനമായി തീർന്നിരിക്കുകയാണ് ഈ അവബോധം എൻറെ ഉള്ളിൽ ദിവസം ദിവസം വർദ്ധിച്ചു വരുന്നുണ്ടോ?
പരമാത്മാവിൻ്റെ ദിവ്യ രൂപത്തെ ഉള്ളിൽ കാണാൻ കഴിയുന്നുണ്ടോ ?
പരമാത്മാവിൻ്റെ ദിവ്യ രൂപത്തിൽ നിന്നുള്ള ശക്തിയും ശാന്തിയും എനിക്ക് പ്രാപ്തമാക്കാൻ കഴിയുന്നുണ്ടോ ?
എൻറെ തന്നെ രൂപത്തെയും പരമാത്മാവിനെ രൂപത്തെയും എനിക്ക് സദാ കണ്ട് ആനന്ദി ക്കാൻകഴിയുന്നുണ്ടോ?