Day 21

  • ഈശ്വരൻ നമ്മുടെ ആരാണ്?
  • ഈശ്വരനുമായി എനിക്ക് അനശ്വരമായ എന്ത് ബന്ധുത്വമാണുള്ളത് ?
  • എങ്ങനെയാണ് ആ ബന്ധുത്വം നാം ബലപ്പെടുത്തുക?
  • വരൂ നമുക്കീ വിഷയങ്ങൾ ഇന്ന് പഠിക്കാം

 

  • ജ്ഞാനം യോഗമാവുമ്പോൾ ശാന്തി കിട്ടിത്തുടങ്ങും. അതിന് ഏകാഗ്രത ആവശ്യമാണ്. ആത്മാവും, പരമാത്മാവും തമ്മിലുള്ള കണക്ഷനാണ് രാജയോഗം. ബന്ധം നിലനിൽക്കണമെങ്കിൽ, ബന്ധം സ്ഥാപിക്കുന്നത് ആരോടാണെന്നും, ബന്ധം എങ്ങിനെയുള്ളതാണെന്നും അറിഞ്ഞിരിക്കണം. രൂപം, ഭാവം, സ്ഥലം, കർത്തവ്യം – എല്ലാം നമുക്കറിയണം. എങ്കിലേ ആ ബന്ധത്തിന് ദൃഢതയും തുടർച്ചയുമുണ്ടാകൂ.
  • ഞാൻ ആരാണ്? ഞാനും ഈശ്വരനും തമ്മിൽ എന്താണ് ബന്ധം? മാനവരാശികളുടെ മുന്നിൽ ഈ ചോദ്യം എന്നും ഉണ്ടായിരുന്നു. പലരും പല ഉത്തരങ്ങളാണ് കണ്ടെത്തിയത്. ഭിന്നഭിന്ന വീക്ഷണങ്ങളും വിലയിരുത്തലുകളും. വിവിധ ചിന്താസരണികൾ , സിദ്ധാന്തങ്ങൾ.
  • നമുക്ക് സ്വയം ചോദിക്കാം. എനിക്ക് ഈശ്വരനുമായുള്ള അനുഭവം എന്താണ്? അതിനാണ് മഹത്വം. മറ്റുള്ളവർ പറയുന്നതല്ല, എൻ്റെ അനുഭവമാണ് എനിക്ക് വലുത്. ആത്യന്തികവും അതുതന്നെ.
  • ഈശ്വരൻ ജീവിച്ച് കടന്നുപോയ ഒരു വ്യക്തിയല്ല എന്നും, ഇന്നും ഇനിയും എനിക്ക് തുണയാവേണ്ട ഒരു ചൈതന്യശക്തിയാണ് ഈശ്വരനെന്നും എപ്പോഴും എന്റെ കൂടെ ഉണ്ടാവേണ്ട, എനിക്കാശ്രയിക്കാവുന്ന എൻ്റെ ബന്ധുവാണെന്നും അറിയണം .
  • ശാസ്ത്രത്തിന്റെ തുടക്കം എല്ലാംതന്നെ ഭാവനയിൽ നിന്നാണ്. രാജയോഗധ്യാനത്തിൽ ഈശ്വരനെ അറിഞ്ഞ് അനുഭവിക്കുകയാണ്. അറിവും, അനുഭൂതിയും കൂടിച്ചേരുന്നതാണ് ജ്ഞാനമാർഗ്ഗം. മനസ്സും മസ്തിഷ്കവും രണ്ടിന്റേയും സംയോജനം അവിടെ സംഭവിക്കുന്നു.
  • സർവ്വധർമ്മങ്ങളിലും മാതാപിതാബന്ധമാണ് ഈശ്വരനുമായിട്ടുള്ളത്. ഹൈന്ദവവിശ്വാസത്തിലും ഈശ്വരനുമായി മാതാപിതാബന്ധമാണ്. സർവ്വബന്ധുത്വം. മാതാപിതാക്കളുമായി ഒരു കണ്ടീഷനുമില്ലാത്ത പരമസത്യമായ ബന്ധം. ആത്മസ്മൃതിയിലിരുന്ന് പരമാത്മാവിനെ ഓർമ്മിക്കൽ.
  • ഇവിടെയുള്ള ബന്ധുത്വത്തിൽനിന്ന് കിട്ടാത്തത് ഈശ്വരനുമായുള്ള ബന്ധത്തിൽനിന്ന് കിട്ടുന്നത്. പിതൃസ്വത്ത് അനുഭവിക്കലാണത്. ഭഗവാനിൽനിന്ന് കിട്ടുന്ന സ്വത്ത് ശാന്തിയാണ്. ആ ശാന്തി അനുഭവിക്കാൻ നമ്മൾ കുട്ടിയാകണം. അച്ഛന്റെ സ്വത്ത് കുട്ടിക്കുള്ളതാണ്. ഈശ്വരസന്താനമാണെന്നറിയുമ്പോൾ അവകാശബോധത്തോടൊപ്പം സമർപ്പണവും സംഭവിക്കുന്നു. യോഗത്തിൽ ഈശ്വരീയശക്തികൾ പിതൃസ്വത്തായി ലഭിക്കുന്നു.
  • ഇന്നുമുതൽ, യോഗം ചെയ്യുന്ന സമയത്ത് ഈശ്വരനെ മാതാപിതാവായി കരുതണം. ആത്മബോധത്തിലാണല്ലോ ഇതുവരെ ഇരുന്നത്. പരമാത്മാ അച്ഛനും അമ്മയുമാണ്. എന്റെ സ്വന്തം ബാബ. ആ ഒരു വാക്കിൽ അവരൊരുമിച്ചുണ്ട്. \\\’ബാബ\\\’!
  • അച്ഛനെ ഭയക്കേണ്ടതില്ല. അച്ഛൻ ശിക്ഷിക്കുന്ന പിതാവല്ല. അതിരാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ അച്ഛനോട് സംസാരിച്ചു തുടങ്ങുക. ആ സാമീപ്യം നിങ്ങൾക്കരികെ ഉണ്ടാകും. ദിവസം മുഴുവൻ അത് തുടരണം. എന്തുചെയ്യുമ്പോഴും അച്ഛനോട് പറയൂ. ഞാൻ ഒറ്റക്കല്ല. തുണയായി അച്ഛനുണ്ട്. ജീവിത ഭാരം ഒറ്റക്ക് ചുമക്കേണ്ടതില്ല.
  • ഹൃദയബന്ധം വെക്കാൻ തോന്നുന്ന ഏതു ബന്ധുരൂപത്തിലും ഈശ്വരനെ കാണാം. എന്നിട്ട് കർമ്മം ചെയ്യൂ. നമ്മുടെ കൂടെത്തന്നെ, നമ്മളെ അറിയുന്ന ഒരാൾ ഉണ്ടെന്നറിയുമ്പോൾ – അതൊരു ആശ്വാസം, ആനന്ദം, ആത്മധൈര്യം നല്കുകയില്ലേ?

താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക

  • എൻറെ മനസ്സ് ഇപ്പോൾ പൂർണ്ണമായും പരമാത്മാവിൽ സർവ്വ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ സമർപ്പിക്കാൻ സാധിക്കുന്നുണ്ടോ ?
  • ഇത്രയും കാലം ഈശ്വരനെ അന്വേഷിച്ച് നടന്ന എനിക്ക് സത്യമായ ഈശ്വരനെ ലഭിച്ചു കഴിഞ്ഞു എന്ന് എൻറെ മനസ്സ് പറയുന്നുണ്ടോ ?
  • സർവ്വ ധർമ്മങ്ങളും പറയുന്ന ഈശ്വരനെ എനിക്കിപ്പോൾ പൂർണമായും അനുഭവിക്കുവാനും മനസ്സിലാക്കുവാനും കഴിയുന്നുണ്ടോ ?
  • ഈശ്വരനെ എനിക്ക് ലഭിച്ചു കഴിഞ്ഞു എന്ന തോന്നൽ എന്റെ ഉള്ളിൽ എവിടെയെങ്കിലും തോന്നി തുടങ്ങിയോ?
Scroll to Top