സാകാരലോകം ആകൃതിയുള്ള രൂപത്തോടെ നമ്മൾ ജീവിക്കുന്ന ഈ ലോകം തന്നെയാണ് പ്രകൃതിയുടെ 5 തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള, ശരീരാകൃതിയോടെയാണിവിടെ ജീവിക്കുന്നത്. സുന്ദരമായ ഈ ജീവിതനാടക വേദിയിൽ പലപല റോളുകളെടുത്ത് അഭിനയിക്കുന്നു.
സ്ത്രീപുരുഷ ശരീരത്തിലിരുന്ന് ഭിന്നഭിന്ന വേഷങ്ങൾ, ഈ ദൃശ്യപ്രപഞ്ചത്തിൽ അഭിനയിച്ച് ജീവിക്കുന്നു. പലപല സന്ദർഭങ്ങൾ, പല വേഷങ്ങൾ. ഇതുതന്നെയാണ് സാകാരലോകം.
അഭിനയിച്ചഭിനയിച്ച് ആത്മാക്കൾ ക്ഷീണിക്കുന്നു. സമയമാകുമ്പോൾ കർട്ടൻ വീഴുന്നു. പിന്നീട് തിരിച്ചു പോകുന്ന ലോകമാണ് ആത്മലോകം. നിരാകാരി ലോകം. ആകാരമില്ലാത്ത ലോകമാണവിടം. ഇവിടെ നിന്നുതന്നെയാണ് നമ്മൾ സാകാരത്തിലേക്ക് വന്നത്. അവിടെ ആത്മ ലോകത്ത് ഊർജ്ജബിന്ദു ക്കളായി, സൂക്ഷ്മാതിസൂക്ഷ്മമായി, നിറഞ്ഞ ശാന്തിയിൽ ഇരിക്കുകയായിരുന്നു. അതുകൊണ്ടാണ് നമ്മൾ ശാന്തി കൊതിക്കുന്നത്. ഈ നാടകശാലയിൽ നിന്ന് ഒന്നിറങ്ങി ശാന്തി അനുഭവിക്കാന് തിടുക്കപ്പെടുന്നത്.
ഞാൻ ആത്മവാണെന്ന ബോധത്തിലിരുന്ന് ധ്യാനിക്കുമ്പോൾ നമുക്ക് സാകാരലോകത്തുനിന്ന് വീട്ടിലേക്ക് യാത്ര ചെയ്യാൻ കഴിയും. നിമിഷം കൊണ്ട് എത്തിച്ചേരാൻ അഭ്യാസം കൊണ്ട് കഴിയും. സാകാരത്തിലെ എല്ലാ വേഷഭൂഷാദികളും അഴിച്ച് വെച്ച് ശുദ്ധമായ ഞാൻ ബ്രഹ്മാണ്ഢത്തിന്റെ നെറുകയിൽ, മധുരമായ നിശ്ചലലോകത്ത് വന്നിരിക്കുന്നു. എല്ലാറ്റിനും ഉപരിയായതുകൊണ്ട് അവിടെ ശാന്തിയും നിശബ്ദതയും മാത്രമേ ഉള്ളു. ഒരു ചെറു തിരിനാളം പോലെ ഞാൻ ആത്മാവ് അതിൽ മുഴുകിയിരിക്കുന്നു എന്ന അനുഭവമുണ്ടാവും.
രാജയോഗാധ്യാനത്തിലൂടെ ഇതെല്ലാം അനുഭവവേദ്യമാകുന്ന കാര്യങ്ങളാണ്. ധ്യാനത്തിലൂടെ ഈ ലോകത്തെ വിസ്താരത്തിൽനിന്ന് സൂക്ഷ്മാവസ്ഥയിൽ പ്രവേശിച്ച് സമ്പൂർണ്ണ നിശബ്ദതയുടെ അനുഭവം ചെയ്യാൻ കഴിയും. അതിന്റെയെല്ലാം ആഴത്തിലും പരപ്പിലും നമുക്ക് മുങ്ങിത്താഴാം. അവിടം ബ്രഹ്മലോകമാണ്
ഈ അനുഭവമാണ് പുരുഷാർത്ഥം. രാജയോഗധ്യാനം കർമ്മ യോഗമാണ്. എല്ലാ കടമകളും ഉത്തരവാദിത്തങ്ങളും നിർവ്വഹിച്ചുകൊണ്ടുതന്നെ മനോസുഖം അനുഭവിക്കാം ശാന്തി അനുഭവിക്കാം. കാര്യങ്ങൾ ചെയ്യാനുള്ള കരുത്തും, ധൈര്യവും നേടാം.
ഒരു മണിക്കൂറിൽ ഏതാനും നിമിഷം, ഞാൻ, എന്റെ, ഈ വേഷം എന്നീ സാകാരചിന്തയിൽ നിന്ന് ശാന്തിധാമമെന്ന ഓർമ്മയിൽ കഴിയുമ്പോൾ മനസ്സ് തണുക്കും. ശാന്തമാകും. നിശബ്ദമാകും. സാക്ഷിയായി ജീവിതരംഗങ്ങളെ കാണാൻ സാധിക്കും. ഓരോ മണിക്കൂറിലും സെക്കന്റിൽ ഇത് ഓർമ്മ വരുമ്പോൾ കഴിഞ്ഞ മണിക്കൂറിലെ ജീവിതം വിലയിരുത്താം. അതിന്റെ ഭാഗമായി വരുന്ന മണിക്കൂറിലും കർമ്മത്തിൽ തിരുത്തലുകൾ വേണ്ടതുണ്ടെങ്കിൽ അത് വരുത്തി മുന്നോട്ടും പോകാം.
ഇവിടുത്തെ പ്രശ്നങ്ങൾ, ഇവിടെ വച്ച് തന്നെ പരിഹരിക്കുവാൻ ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ല. കൂടുതൽ കുരുക്കുകളിൽ ചെന്ന് പെടാനും സാധ്യതയുണ്ട്. ബുദ്ധികൊണ്ടുള്ള യാത്രയിൽ ഉന്നതങ്ങളിൽനിന്ന് നോക്കിക്കാണുമ്പോൾ സമഗ്രമായൊരു നിരീക്ഷണത്തിൽ, ആത്മീയമായൊരു ശാന്തതയിൽ പരിഹാരങ്ങൾ കണ്ടെത്താൻ കഴിഞ്ഞെന്ന് വരും.
സാകാരത്തിനും, പരംധാമിനും മദ്ധ്യേയുള്ളയിടമാണ് സൂക്ഷ്മലോകം. പരമപവിത്രമായൊരിടം. ധർമ്മസ്ഥാപന കഴിഞ്ഞ് ഗുരകൻമാർ വിടചൊല്ലി പിരിഞ്ഞതിനുശേഷവും വിവരങ്ങളും സന്ദേശങ്ങളും അവരിൽനിന്ന് ലഭിക്കാൻ \\\’ട്രാന്സ്\\\’ അവസ്ഥയിലേക്ക് ശിഷ്യന്മാർ പോകാറുണ്ട്. ഈ ലോകങ്ങളിലെല്ലാം ബുദ്ധിയുടേയും മനസ്സിന്റേയും സഹായത്തോടെ നമുക്ക് സഞ്ചരിക്കാം.
ഇത്തരം ദിവ്യാനുഭൂതി, ചിലപ്പോൾ മാത്രമെങ്കിൽ കൂടെ, അത് നമ്മുടെ മനോഭാവത്തിലും, സ്വഭാവത്തിലും, ജീവിതരീതികളിലും വരുത്തുന്ന മാറ്റം സ്വയം വിലയിരുത്തി നോക്കൂ. കാലത്തും, വൈകിട്ടുമുള്ള, നിത്യേനയുള്ള ധ്യാനനിമിഷങ്ങൾ നമ്മെ വേറിട്ടവരും, ഈശ്വരീയസ്പർശമുള്ളവരുമാക്കും.
താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക
ഏതെല്ലാമാണ് മൂന്നു ലോകങ്ങൾ ? വിവരിക്കുക.
രാജയോഗ ധ്യാനത്തിലൂടെ അനുഭവവേദ്യമാകുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് ഇന്നു പറഞ്ഞുതന്നത് ?
രാജയോഗം കർമ്മയോഗം ആണ്, കടമകളും ഉത്തരവാദിത്വങ്ങളും നിർവഹിച്ചുകൊണ്ട് തന്നെ മനസുഖം അനുഭവിക്കുവാൻ താങ്കൾക്ക് സാധിക്കുമോ ? അതിനെന്തു മാറ്റമാണ് താങ്കൾ സ്വീകരിക്കുന്നത്?
നമ്മെ ഇളക്കാൻ വരുന്ന സാഹചര്യങ്ങളെ രാജയോഗ മാർഗത്തിലൂടെ എങ്ങനെയാണ് നേരിടുക ?