ഇതുവരെ മനസ്സാകുന്ന ഭൂമിയെ നമ്മൾ തയ്യാറാക്കുകയായിരുന്നു. ഉഴുതുമറിച്ച് തയ്യാറാക്കി. സംശയങ്ങളും വിമുഖതയും നിറഞ്ഞ മനസ്സുകളെ സ്വാസ്ഥ്യവും, വ്യക്തതയും വരുത്തി. ഇനി രാജയോഗധ്യാനരീതികളിലേക്ക് കടക്കാം.
ആദ്യപടി ഞാൻ ആത്മാവാണെന്ന് അറിയുകതന്നെയാണ്. വെറുമൊരു അറിവല്ല ആ സങ്കൽപ്പത്തിൽ മുഴുകണം. ശരീരബോധം മാറണം.. ആത്മാനുഭവത്തിൽ സ്വയം ലയിക്കണം. നമ്മിലുള്ള പലപലമിഥ്യാധാരണകൾ, ഫീലിങ്ങുകൾ, സ്ത്രീപുരുഷ ആസക്തിയുടെ ചിന്തകൾ, സ്ഥാനമാനങ്ങൾ, വലിപ്പച്ചെറുപ്പം എന്നീ ഓരോരോ പൊതികളായി അഴിച്ചുമാറ്റുകയാണ്. ഒന്നൊന്നായി അതെല്ലാം നമ്മളിൽനിന്നും അടർത്തിമാറ്റിക്കൊണ്ടിരിക്കുക.ആത്മാനുഭവം പതുക്കെ ഉണ്ടായിത്തുടങ്ങും.
ചെറുപ്പം മുതൽ ആത്മബോധം കുട്ടികളിൽ ഉണ്ടാവുകയാണെങ്കിൽ മെല്ലെ മെല്ലെ ദിവ്യബോധം അവരിൽ ഉണരുകയും സതോഗുണികളാവുകയും ചെയ്യും. ലിംഗബോധം, ജാതിബോധം, ദേശബോധം, ഭാഷ മുതലായ കുപ്പായങ്ങൾ നമ്മളിൽ നിന്നഴിഞ്ഞുപോകും.. അപ്പോൾ നിജ സ്വരൂപം കാണുമാറാകും. ശുദ്ധമായ ആത്മചൈതന്യമാണ് ഞാൻ എന്ന സത്യത്തെ അറിയുമ്പോൾ, ശുദ്ധമായ വ്യക്തിത്വം തന്നെയാണ് രൂപപ്പെട്ട് വരിക.
ധ്യാന സമയത്ത് ആദ്യത്തെ 5-10 മിനുട്ട് ഉടുപ്പുകൾ, മിഥ്യാധാരണകൾ കളയാനായി ഉപയോഗിക്കുക. ഞാൻ ദിവ്യമായ, ചൈതന്യം നിറഞ്ഞ ഒരു സ്വരൂപമാണ് എന്ന ചിന്തയിലായിരിക്കും പിന്നെ നിങ്ങൾ ചെന്നെത്തുക. നിങ്ങൾക്ക് അത് ദർശിക്കാം. ഓഫീസിലിരുന്ന് സ്വന്തം വീട് കാണുന്ന പോലെ നിങ്ങൾക്കതു മനസ്സിൽ ദർശിക്കാനാകും.
ആത്മസ്വരൂപത്തിലിരുന്ന് സൂക്ഷ്മവും, ദിവ്യവും, അലൗകികവും ആയ ദിവ്യപ്രകാശത്തെ ദർശിക്കാം. നക്ഷത്രം പോലെ… ഒരു ദിവ്യജ്യോതി പോലെ… അതിൻ്റെ സ്ഥാനം ഇരുപുരികങ്ങൾക്കും മദ്ധ്യേ, ശിരസ്സിനുള്ളിൽ, നിങ്ങൾക്ക് അനുഭവപ്പെടും. ഒരു കെടാവിളക്കായി അതു കാണാം. ഇങ്ങനെ ആത്മസ്വരൂപത്തെ ദർശിച്ച് അവബോധമുണ്ടാക്കണം. ഭിന്ന ഭിന്ന പഴങ്ങളുടെ ഭിന്നരുചിപോലെ ആത്മാവിന്റെ 7 ഗുണങ്ങളും അറിയുമാറാകണം.
ശാന്തി, ശക്തി, സ്നേഹം, പവിത്രത, ജ്ഞാനം, സുഖം, ആനന്ദം.. ഓരോന്നും വേറിട്ട അനുഭവം തരും. അതനുഭവിക്കണം. ഓരോ ഗുണവും, അതിന്റെ ഏറ്റവും ശുദ്ധമായ ഒട്ടും കലർപ്പില്ലാത്ത, ഉന്നതമായ അവസ്ഥയിൽ തന്നെ അനുഭവമാകും.
ഞാൻ ശാന്തസ്വരൂപ ആത്മാവാണെന്ന അറിവ്.. പിന്നെ ചിന്തനം.. അതിന്റെ ആഴമാർന്ന അനുഭൂതി, ശാന്തമായൊരു പ്രകാശധാര, ശിരസ്സിൽനിന്ന് ഒഴുകി, ശരീരത്തിലെ ഓരോ അവയവങ്ങളില്കൂടെ തഴുകി ഒഴുകുന്നതായി … ഫീൽ ചെയ്യണം. മനസ്സും ശരീരവും ആ ഒരു അനുഭൂതിയിൽ മാത്രമായി… മുഴുകണം… നുകരണം.
അങ്ങനെ ഓരോ ഗുണവും അനുഭവിക്കാം. നടക്കുമ്പോഴും കറങ്ങുമ്പോഴും ഇത് പ്രാക്ടീസ് ചെയ്യാം. ആരെക്കണ്ടാലും അവരിലെ ആത്മാവിനെ കാണാം. സഹോദരാത്മാവാണെന്ന ബോധം വാക്കിലും, നോക്കിലും, പെരുമാറ്റത്തിലും പ്രകടമാകും. പുതിയ വെളിച്ചം കിട്ടിയ പോലെ തോന്നും.
മറ്റൊരു രീതി എഴുതി പ്രാക്ടീസ് ചെയ്യലാണ്. വെറുതെ എഴുതി പോകലല്ല. ഫീൽ ചെയ്ത്… അനുഭൂതിയിൽ ലയിച്ച്… സാവധാനം എഴുതുക. ഞാൻ ശാന്തമായ ചൈതന്യാത്മാവാണെന്ന് എഴുതുമ്പോൾ ഞാൻ അതായിതന്നെ മാറണം. പതുക്കെ അന്തരീക്ഷം ശാന്തമാകുന്നത് അറിയുമാറാകും. മറ്റുള്ളവർ നമുക്കടുത്തുവന്നാൽ അവർക്കും നമ്മിലെ ശാന്തത പകർന്നു കിട്ടും. ക്രൂരമൃഗങ്ങൾ പോലും യോഗികൾക്കടുത്തുവരുമ്പോൾ ശാന്തരാകുന്നതും അതുകൊണ്ടാണ്.
അതിരാവിലെ 20 മിനുട്ടെങ്കിലും ആത്മാനുഭൂതിയിൽ ലയിച്ചിരിക്കണം. 7 ഗുണങ്ങളും ഓരോന്നായി ഇങ്ങനെ അറിയണം. ശരീരത്തിൽ നിന്ന് വേറിട്ട് ആത്മാനുഭൂതി നുകരാം. ഞാനൊരു അഭിനേതാവാണ്. എന്റേതായ പാർട്ട് അഭിനയിക്കാൻ വന്നതാണ്.. അത് കഴിഞ്ഞാൽ എനിക്ക് ഇവിടം വിടേണ്ടതുണ്ട്… അങ്ങനെ. ഇത്തരമൊരവസ്ഥയിൽ, നിത്യേനയുള്ള സുഖദുഖാവസ്ഥകളിൽ ഏകരസമായൊരവസ്ഥിതിയിലിരിക്കാൻ നമുക്ക് സാധിക്കും.
ഓരോ ദിവസവും സ്വയം ചെക്ക് ചെയ്യണം. വിലയിരുത്തണം. സ്വയം സംസാരിക്കാം. എനിക്ക് പോകേണ്ടത് എവിടേക്കാണ്… എവിടെനിന്ന് വന്നു.. ഞാൻ ചെയ്യുന്ന ഓരോ കർമ്മ ഫലവും എങ്ങനെയൊക്കെയാവും എനിക്ക് തന്നെ തിരിച്ചു വരിക… അങ്ങനെ ക്രമേണ സ്വയം മതിപ്പും ആത്മവിശ്വാസവും തോന്നും. ഒരു നിറഞ്ഞ അവസ്ഥ അനുഭവപ്പെടും. അതെ, നിങ്ങളൊരു പുതിയ ജീവിതത്തിന് തുടക്കം കുറിക്കുകയായി.
താഴെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. അഭ്യസിച്ചതിനുശേഷം എഴുതേണ്ടവ അപ്രകാരം തന്നെ ചെയ്യുക
ഈ രാജ യോഗ വിദ്യ പഠിച്ചതിലൂടെ താങ്കളുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരാൻ താങ്കൾക്ക് സാധിച്ചു ?
ഇന്നത്തെ അധ്യായത്തിൽ എഴുതാനായി മനസ്സിലാക്കിയ കാര്യങ്ങൾ എഴുതി പ്രാക്ടീസ് ചെയ്യുവാൻ ശ്രമിക്കുക.
അതിരാവിലെയും നടക്കുമ്പോഴും ഉറങ്ങുമ്പോഴും ചെയ്യുവാൻ ഉള്ളതുമായ വിധികൾ പറഞ്ഞു തന്നു. ഞാൻ എന്താണ് ചെയ്യാൻ പോകുന്നത് ?
ശാന്തി ശക്തി സ്നേഹം പവിത്രത സുഖം ആനന്ദം ഇവ ഈ ധ്യാനം ചെയ്ത തിലൂടെ എനിക്ക്ഒരു വേറിട്ട അനുഭവം ഉണ്ടായി ..അതിൻറ പ്രകാശധാര ശിരസ്സിൽ നിന്ന് ഒഴുകി ശരീരത്തിലെ ഓരോ അവയവങ്ങളിലേക്കും ഒഴുകി അതിൻ്റെ ഫീലിങ് എനിക്ക് നുകരുവാൻ സാധിച്ചുവോ ?
ഓരോ ഗുണവും നമുക്ക് നടക്കുമ്പോഴും ഉറങ്ങുമ്പോഴും എന്ത് ജോലി ചെയ്യുമ്പോഴും എനിക്ക് എത്ര ശതമാനം അനുഭവിക്കാൻ സാധിച്ചു. ?
ഞാൻ ആത്മാഒരു അഭിനേതാവാണ് എന്റേതായ പാർട്ട് അഭിനയിക്കാൻ ഈ ശരീരത്തിൽ വന്നതാണ് എന്ന ബോധം എനിക്ക് ഉണ്ടായോ?
നിറഞ്ഞ അവസ്ഥയും ഒരു പുതിയ ജീവിതം കെട്ടിപടുക്കാനും അതിന് തുടക്കം കുറിക്കാനുമുള്ള പ്രേരണ ഈ ക്ലാസിന്റെ അനുഭവത്തിലെ എനിക്ക് തോന്നി തുടങ്ങിയോ?